തൃശൂർ: കോര്‍പ്പറേഷന്‍ നഗരങ്ങളിലെ പ്രധാന പാതകള്‍ ആധുനീക വല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ റോഡുകള്‍ക്ക് അനുയോജ്യമായ നിര്‍മ്മാണങ്ങള്‍ നടത്തിവരികയാണ്. ഇതിനോടനുബന്ധിച്ച് പൂത്തോള്‍ – ശങ്കരയ്യര്‍ റോഡ് ആവശ്യമായ വീതി കൂട്ടി 2 കോടി രൂപ ചെലവില്‍ നിര്‍മ്മാണം ആരംഭിച്ചു. നിര്‍മ്മാണത്തിന്‍റെ ആദ്യഘട്ടമെന്ന നിലയില്‍ വീതി കൂട്ടിയ ഭാഗത്ത് ജി.എസ്.ബി. വിരിക്കുന്ന പ്രവര്‍ത്തനം നടന്നുവരികയാണ്.
പ്രവര്‍ത്തന പുരോഗതി മേയര്‍ എം.കെ. വര്‍ഗ്ഗീസ്, ഡെപ്യൂട്ടി മേയര്‍ എം.എല്‍. റോസി, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കരോളിന്‍ പെരിഞ്ചേരി, സാറാമ്മ റോബ്സണ്‍, കോര്‍പ്പറേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ശ്രീലത, എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തി. ഈ നിര്‍മ്മാണത്തിന്‍റെ ഭാഗമായി 50 ലക്ഷം രൂപയോളം ചെലവ് ചെയ്ത് ആവശ്യമായ ഇലക്ട്രിക് പോസ്റ്റ് ട്രാന്‍സ്ഫോര്‍മര്‍ ഉള്‍പ്പെടെ ഷിഫ്റ്റ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. രണ്ടുദിവസം മുമ്പ് ആരംഭിച്ച ആദ്യഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ചയോടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് മേയര്‍ എം.കെ. വര്‍ഗ്ഗീസ് അറിയിച്ചു.