തളിക്കുളം: പഞ്ചായത്തിൽ ജൽ ജീവൻ പദ്ധതിയുടെ ഭാഗമായിട്ടുള്ള കരാർ ജനങ്ങൾക്ക് മുൻപാകെ സമർപ്പിക്കാൻ പഞ്ചായത്ത് സെക്രട്ടറിയും, പ്രസിഡന്റും തയ്യാറാവാതിരിക്കുന്നത് ഇതുമായി ബന്ധപ്പെട്ട അഴിമതി പുറത്ത് വരുമെന്നത് കൊണ്ടാണെന്ന് ജോസ് വളളൂർ പറഞ്ഞു. ജൽജീവൻ പദ്ധതിക്കായി തളിക്കുളം ഗ്രാമ പഞ്ചായത്തിലെ റോഡുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പദ്ധതി ഏറ്റെടുത്ത കരാർ കമ്പനിയുമായി 2021 ഒക്ടോബർ 25 ന് കരാറിൽ ഏർപ്പെടുകയും 2023 ഏപ്രിൽ 24 ന് കരാർ അവസാനിക്കുകയും ചെയ്തിട്ടും റോഡ് പണി അനന്തമായി നീട്ടികൊണ്ട് പോകുന്നതിലെ ദുരൂഹത പുറത്ത് വരണമെങ്കിൽ, സത്യസന്ധമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും, അങ്ങിനെ മാത്രമേ സിപിഎം ഭരണ സമിതിയുടെ കള്ളക്കളികൾ പുറത്ത് വരികയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടി പ്രകാരം 55 റോഡുകളാണ് കരാർ പ്രകാരം പൊളിക്കാൻ പഞ്ചായത്ത് അനുമതി കൊടുത്തിട്ടുള്ളത്. പക്ഷേ പഞ്ചായത്ത് അനുമതിയില്ലാതെ നിരവധി റോഡുകളാണ് തോന്നിയ പോലെ പൊളിച്ചത്.
ഇത് പഞ്ചായത്ത് ഭരണ പരാജയമായി മാത്രം തള്ളി കളയാൻ പറ്റില്ലെന്നും ഭരണ സമിതിയേയും, ജനങ്ങളേയും മറച്ചു വെച്ചുള്ള രഹസ്യ നീക്കമാണ് നടന്നതെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഈ കാലയളവിൽ 33 റോഡുകൾ മാത്രമാണ് കരാറുകാർ പണി കഴിഞ്ഞുവെന്ന് പഞ്ചായത്ത് ഭരണ സമിതിക്ക് റിപ്പോർട്ട് നൽകിയിട്ടുള്ളത്. കരാർ കാലാവധി കഴിഞ്ഞിട്ടും കരാർ ഏറ്റെടുത്ത കമ്പനി റോഡ് വിട്ട് നൽകിയില്ലെന്നും പഞ്ചായത്ത് അറിയാതെയാണ് റോഡുകൾ പൊളിച്ചതെന്നുമുള്ള വിവരാവകാശ മറുപടി പഞ്ചായത്ത് ഭരണ വൈകല്യമാണ് തുറന്ന് കാണിക്കുന്നത്. ജന വഞ്ചന നടത്തിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാവണമെന്നും തളിക്കുളം മണ്ഡലം കോൺഗ്രസ് നടത്തിയ പ്രതിഷേധ രാഷ്ട്രീയ വിശദീകരണ പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. കോൺഗ്രസ്സ് തളിക്കുളം മണ്ഡലം പ്രസിഡന്റ് പി.എസ്. സുൽഫിക്കർ അധ്യക്ഷത വഹിച്ചു. ഡി സിസി ജനറൽ സെക്രട്ടറി സി.എം. നൗഷാദ്, കോൺഗ്രസ്സ് നേതാക്കളായ ഗഫൂർ തളിക്കുളം, ഹിറോഷ് ത്രിവേണി, പി.എം. അമീറുദ്ധീൻ ഷാ, സി.വി.ഗിരി, എം.എ. മുഹമ്മദ് ഷഹബു, നീതു പ്രേംലാൽ, രമേഷ് അയിനിക്കാട്ട്, പി.കെ. അബ്‌ദുൾ കാദർ, ഷമീർ മുഹമ്മദലി, മുനീർ ഇടശ്ശേരി, കെ.ആർ. വാസൻ, കെ.കെ. ഉദയ കുമാർ, പി.കെ. ഉന്മേഷ്, സുമന ജോഷി, ഷൈജ കിഷോർ, ജീജ രാധാകൃഷ്ണൻ, പി.എം. മൂസ, ജെസ്മി ജോഷി, ലിന്റ സുഭാഷ് ചന്ദ്രൻ, എ.കെ. ബഷീർ, ജയപ്രകാശ് പുളിക്കൽ, കെ.കെ. ഷൈലേഷ്സിമി അനോഷ്, കെ.എസ്. രാജൻ, ഗീത വിനോദൻ എന്നിവർ വിവിധ സ്വീകരണ സ്ഥലങ്ങളിൽ പ്രസംഗിച്ചു.