News One Thrissur
Kerala

തൃശൂര്‍ തദ്ദേശ അദാലത്തിന് തുടക്കമായി : അദാലത്തുകള്‍ നടത്തേണ്ടാത്ത വിധം സംവിധാനങ്ങളെ കാര്യക്ഷമമാക്കണം: മന്ത്രി എം.ബി രാജേഷ്

തൃശൂര്‍: അദാലത്തുകള്‍ നടത്തേണ്ടാത്ത വിധം സംവിധാനങ്ങളെ കാര്യക്ഷമമാക്കണമെന്ന് തദ്ദേശസ്വയംഭരണ- എക്‌സൈസ്- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന തൃശൂര്‍ തദ്ദേശ അദാലത്ത് ജില്ലാതല ഉദ്ഘാടനം തൃശൂര്‍ വി.കെ.എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങള്‍ക്ക് സേവനം നിഷേധിക്കുന്ന രീതിയില്‍ ചട്ടങ്ങള്‍ പലതരത്തില്‍ വ്യാഖ്യാനിക്കുന്നത് ഒഴിവാക്കി മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് അദാലത്തുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ന്യായമായ ആവശ്യങ്ങള്‍ക്ക് നിലനില്‍ക്കുന്ന ചട്ടങ്ങളില്‍ ഭേദഗതി വരുത്തേണ്ടത് അനിവാര്യമാണ്. അത്തരം അവസരങ്ങളില്‍ ചട്ടങ്ങള്‍ പുനപരിശോധിക്കും. അതേസമയം, നിയമലംഘനങ്ങള്‍ സാധൂകരിക്കാനുള്ള അവസരമായി ഇതിനെ കാണരുതെന്നും മന്ത്രി വ്യക്തമാക്കി.

അദാലത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണം. കൂടുതല്‍ സാങ്കേതിത്വം കാണിച്ച് നടപടികളില്‍ വീഴ്ചയുണ്ടാകരുത്. ഉദ്യോഗസ്ഥര്‍ സുതാര്യത ഉറപ്പാക്കി ഉത്തരവാദിത്വം നിര്‍വഹിക്കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. കൃത്യനിര്‍വഹണം നടത്തുന്നവരെ വേട്ടയാടാന്‍ അനുവദിക്കില്ല. സര്‍ക്കാര്‍ സംരക്ഷണം നല്‍കും. നിരവധി പൊതു തീരുമാനങ്ങള്‍ അദാലത്ത് മുഖേന സാധ്യമായി. ഇതുവരെ നടന്ന അദാലത്തുകളില്‍ കുറഞ്ഞ അനുകൂല തീരുമാനം ഉണ്ടായത് 86 ശതമാനമാണ്. ഏറ്റവും കൂടിയത് 99 ശതമാനവും. പുതിയതായി ലഭിക്കുന്ന പരാതികളില്‍ രണ്ടാഴ്ചകകം തീരുമാനമു ണ്ടാവുമെന്നും മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ഉന്നതവിദ്യാഭ്യാസ- സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷയായി. ജനകീയമായ രീതിയില്‍ തദ്ദേശ അദാലത്ത് സംഘടിപ്പിക്കുന്നത് വഴി ജനങ്ങളുടെ പ്രയാസങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്, എം.എല്‍.എമാരായ പി. ബാലചന്ദ്രന്‍, വി.ആര്‍. സുനില്‍കുമാര്‍, എന്‍.കെ. അക്ബര്‍, ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, ഡെപ്യൂട്ടി മേയര്‍ എം.എല്‍. റോസി, ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, തദ്ദേശസ്വയംഭരണ വകുപ്പ് (നഗരം) ഡയറക്ടര്‍ സൂരജ് ഷാജി, കില ഡയറക്ടര്‍ ജനറല്‍ എ. നിസാമുദ്ദീന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എന്‍ജിനീയര്‍ കെ.ജി. സന്ദീപ്, ചീഫ് ടൗണ്‍ പ്ലാനര്‍ ഷിജി ഇ. ചന്ദ്രന്‍, ചേമ്പര്‍ ഓഫ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.ആര്‍. രവി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എസ്. ബസന്ത്‌ലാല്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.എം. ഷഫീക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

എറവ് ഗ്രാമീണ വായനശാലയിൽ ലഹരി വിരുദ്ധ സദസ്സ്

Sudheer K

നിയന്ത്രണം വിട്ട ഓട്ടോ മതിലിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

Sudheer K

അബ്ദു അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!