കൊടുങ്ങല്ലൂർ: താലൂക്ക് മണൽ വാരൽ വിപണന സഹകരണ സംഘത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡയറക്ടർമാരിൽ നിന്ന് 29,68,316 രൂപ.98 പൈസ ഈടാക്കാൻ ഉത്തരവ്. കോൺഗ്രസ് ഭരിച്ചിരുന്ന സഹകരണ സംഘം സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ പിരിച്ചുവിടുകയും വിജിലൻസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. വിജിലൻസ് അന്വേഷണ റിപ്പോർട്ടിൻമേൽ സഹകരണ വകുപ്പ് നടത്തിയ തുടരന്വേഷ ണത്തിനൊടുവിലാണ് ഭരണസമിതിയംഗങ്ങളിൽ നിന്നും പണം ഈടാക്കാൻ ജോയിൻ്റ് രജിസ്ട്രാർ ഉത്തരവിട്ടത്. മുൻ കോൺഗ്രസ് നേതാവും നിലവിൽ എൻ.സി.പി സംസ്ഥാന സെക്രട്ടറിയുമായ വേണു വെണ്ണറ, കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റ് പി.വി രമണൻ, വി.എസ് സിദ്ധാർത്ഥൻ എന്നിവർ 5,83, 183 രൂപ 93 പൈസ വീതവും, രേണുക പ്രദീപ്, സുചിത്ര മോൾ, ഒ.പി. സതീശൻ, ഫെമിന ഷെഫീഖ്, പി.ആർഗോപാലൻ, പി.കെ നിസാർ എന്നിവർ 9089 രൂപ 22 പൈസ വീതവും സർക്കാരിലേക്ക് അയക്കണമെന്നാണ് സഹകരണ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ളത്.
വിഷയം സംബന്ധിച്ചുള്ള ഹിയറിംഗ് ഈ മാസം 24 ന് നടക്കും. കൊടുങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന താലൂക്ക് മണൽ വാരൽ വിപണന സഹകരണ സംഘത്തിൽ വ്യാപകമായ ക്രമക്കേട് നടന്നതായി ആരോപണ മുയർന്നിരുന്നു. ഇതേ തുടർന്ന് ഒ.പി സതീശൻ, ഫെമിന ഷെഫീഖ്, പി.ആർ. ഗോപാലൻ, പി.കെ. നിസാർ എന്നീ ഭരണസമിതിയംഗങ്ങൾ സ്ഥാനം രാജിവെക്കുകയുമുണ്ടായി. കണക്കുകൾ കൈകാര്യം ചെയ്യുന്നതിലും, പണമിടപാടിലും, രേഖകൾ സൂക്ഷിക്കുന്നതിലും ഗുരുതരമായ വീഴ്ച്ച സംഭവിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞ സാഹചര്യത്തിലാണ് ഭരണസമിതി അംഗങ്ങളായിരുന്നവരിൽ നിന്നും പണം ഈടാക്കാൻ സഹകരണ വകുപ്പ് തീരുമാനിച്ചത്.