കൊടുങ്ങല്ലൂർ: വൃദ്ധസദനത്തിലെ കുടിവെള്ളം മുടക്കി വാട്ടർ അതോറിറ്റി. കൊടുങ്ങല്ലൂർ ആശ്രയം അഗതിമന്ദിരത്തിലെ കുടിവെള്ള കണക്ഷനാണ് വാട്ടർ അതോറിറ്റി മുന്നറിയിപ്പില്ലാതെ വിഛേദിച്ചത്. പടിഞ്ഞാറെ നടയിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഗതിമന്ദിരത്തിലെ കുടിവെള്ള കണക്ഷൻ്റെ ബിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ലഭിക്കാറില്ലെന്ന് അഗതിമന്ദിരം നടത്തിപ്പുകാർ പറയുന്നു.
പലതവണ വാട്ടർ അതോറിറ്റി ഓഫീസുമായി ബന്ധപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. തിങ്കളാഴ്ച്ചച്ച വൈകീട്ട് മുന്നറിയിപ്പില്ലാതെ എത്തിയ ഉദ്യോഗസ്ഥർ വാട്ടർ കണക്ഷൻ വിഛേദിക്കുകയായിരുന്നു. ബില്ലോ, മുൻകൂർ നോട്ടിസോ നൽകാതെയാണ് വാട്ടർ അതോറിറ്റി കുടിവെള്ള കണക്ഷൻ വിഛേദിച്ചതെന്ന് അഗതിമന്ദിരം കെയർടേക്കർ ശൂന്യ പറഞ്ഞു. പതിനഞ്ച് സ്ത്രീകളുൾപ്പടെ ഇരുപത്തിയഞ്ച് അന്തേവാസികളുള്ള ആശ്രയം അഗതിമന്ദിരത്തിലെ ഏക ശുദ്ധജല സ്രോതസാണ് വാട്ടർ അതോറിറ്റി അധികൃതർ തടഞ്ഞത്.