മുറ്റിച്ചൂർ: സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒരേ പോലെ സ്നേഹിച്ചിരുന്ന ഉന്നത വ്യക്തിത്വമായിരുന്നു മുറ്റിച്ചൂരിൽ അന്തരിച്ച അലവിക്കയെന്ന് കെ.പി.സി.സി.സെക്രട്ടറി സുനിൽ അന്തിക്കാട് അഭിപ്രായപ്പെട്ടു. സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് എന്നും അദ്ദേഹം മുൻതൂക്കം കൊടുത്തിരുന്നു. മുറ്റിച്ചൂർ സെൻ്ററിൽ ക്രൈസ്തവ ദേവാലയം വരുന്നതിനും ശിവരാത്രി ആഘോഷങ്ങൾക്ക് പൊലിസ് അനുമതിക്കും മറ്റും മുന്നിൽ നിന്ന് പ്രവർത്തിക്കുക അലവിക്കയാണ്. മുറ്റിച്ചൂർ പ്രദേശത്തെ മത സൗഹാർദ്ദത്തിന്റെ അംബാസിഡറായിരുന്നു അലവിക്കയെന്നും അദ്ദേഹം പറഞ്ഞു. അന്തിക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുറ്റിച്ചൂർ സുബുലുൽ ഹുദാ മദ്രസയിൽ സംഘടിപ്പിച്ച സർവകക്ഷി അനുശോചന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ബി. രാജീവ് അധ്യക്ഷനായി. മത നിഷ്ഠയിൽ വിട്ടു വീഴ്ചയില്ലാതെ സമൂഹത്തിനാകെ വെളിച്ചം പകർന്ന നേതാവായിരുന്നു അലവിക്കയെന്ന് മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ഹാറൂൺ റഷീദ് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. എം.ബി. സജീവ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം ജലീൽ എടയാടി, ഗ്രാമ പഞ്ചായത്തംഗം ഷഫീർ അബ്ദുൽ ഖാദർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.ഐ ചാക്കോ, പ്രദീപ് കൊച്ചത്ത്, ഉസ്മാൻ ഹാജി എടയാടി, മണികണ്ഠൻ പുളിക്കത്തറ, മുറ്റിച്ചൂർ മഹല്ല് കമ്മിറ്റി സെക്രട്ടറി ഈസ വലിയകത്ത്, അന്തിക്കാട് ഹൗസിങ്ങ് ബോർഡ് സൊസൈറ്റി പ്രസിഡണ്ട് ബിജേഷ് പന്നിപ്പുലത്ത്, മുറ്റിച്ചൂർ ഗ്രാമീണവായന ശാല പ്രസിഡൻ്റ് അഡ്വ.കെ.ബി രണേന്ദ്രനാഥ്, കഥാകൃത്ത് അഷറഫ് അമ്പയിൽ, ഇ.രമേശൻ, ഉമ്മർ കാരണപറമ്പിൽ, പി.എ. കബീർ, യോഗനാഥൻ കരിപ്പാറ, റഷീദ് ബ്രാലി, എ.യു. ഹബീബുള്ള, കെ.കെ നജീബ്, അഡ്വ. സീസർ എന്നിവർ സംസാരിച്ചു. ഉസ്മാൻ അന്തിക്കാട് സ്വാഗതവും ഷാനവാസ് നന്ദിയും പറഞ്ഞു.