ഗുരുവായൂർ: പിതാവിനും ബന്ധുക്കൾക്കുമൊപ്പം ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ 14 കാരൻ കിണറ്റിൽ വീണ് മരിച്ചു. കൊല്ലം ആദിച്ചനല്ലൂർ വടക്കേ മൈലക്കാട് വാറുകല്ലു വിള വീട്ടിൽ രത്നാകരൻ പിള്ളയുടെയും പരേതയായ മഞ്ചുവിന്റെയും മകൻ അനന്തവിഷ്ണുവാണ് മരിച്ചത്. താമസിക്കാൻ മുറിയെടുത്തിരുന്ന ലോഡ്ജിലെ ആൾമറയില്ലാത്ത കിണറ്റിലാണ് കുട്ടി വീണത്. വ്യാഴാഴ്ച പുലർച്ചയാണ് അനന്ത വിഷ്ണു ഉൾപ്പെടുന്ന സംഘം ലോഡ്ജിൽ മുറിയെടുത്തത്. ബന്ധുക്കളായ ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. കുട്ടിയെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കിണറ്റിൻ കരയിലും കിണറിന് മുകളിലെ വലയിലുമായി ചെരുപ്പ് കണ്ടെത്തുകയായിരുന്നു. അഗ്നിരക്ഷ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ചാത്തന്നൂർ എൻ. എസ്. എസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അനന്ത വിഷ്ണു.