കൊടുങ്ങല്ലൂര്‍: ഇറിഡിയം തട്ടിപ്പിന്റെ പേരില്‍ കോയമ്പത്തൂര്‍ സ്വദേശിയെ തൃശ്ശൂരിലേയ്ക്ക് വിളിച്ചു വരുത്തി കയ്പമംഗലത്തെത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ഐസ്‌ക്രീം വ്യവസായി അഴിക്കോട് നോര്‍ത്ത് കപ്പക്കടവ് വീട്ടില്‍ മുഹമ്മദ് സാദിഖ് (59), ഇയാളുടെ കൂട്ടാളികളും കണ്ണൂര്‍ സ്വദേശികളുമായ കല്ലിങ്ങല്‍ സലീം (54), കടപ്പുറത്ത് അകത്ത്കാക്കി വീട്ടില്‍ ഫായിസ് (48), മുടവന്റകത്ത് വീട്ടില്‍ മുജീബ് (49) എന്നിവരും തൃശ്ശൂരിലെ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട അരണാട്ടുകര അച്ചന്‍കുളങ്ങര കാര്‍ത്തിക വീട്ടില്‍ ദിലീപ് ചന്ദ്രന്‍ (44), പി.വെമ്പല്ലൂര്‍ അസ്മാബി കോളേജിനടുത്ത് വാടക വീട്ടില്‍ താമസിക്കുന്ന ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി ചെന്നറ വീട്ടില്‍ ധനേഷ് (മുത്തു 32), എറണാകുളം ഉദയം പേരൂര്‍ മാടപ്പിള്ളിപ്പറമ്പ് സ്വദേശി വൈഷ്ണവം വീട്ടില്‍ സുരേഷ് (48), എറിയാട് ് ഐഷ റോഡില്‍ കുന്നിക്കുളത്ത് ഷിഹാബ് (40), പി.വെമ്പല്ലൂര്‍ വേക്കോട് കോളനിയില്‍ കയ്യാത്ത് വീട്ടില്‍ അഭയ് (19) എന്നിവരെയാണ് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി നവനീത് ശര്‍മ്മയുടെ മേല്‍നോട്ടത്തില്‍ കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി. എ.ബി. രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. 13 പേര്‍ പ്രതികളായിട്ടുള്ള ഈ കേസില്‍ നാല് പേരെ കൂടി ഇനിയും പിടികൂടാനുണ്ടെന്നും പോലീസ് പറഞ്ഞു. കോയമ്പത്തൂര്‍ സ്വദേശി ചാള്‍സ് ബെഞ്ചമിനെ (അരുണ്‍ 45) യാണ് കഴിഞ്ഞ ദിവസം രാത്രി കയ്പമംഗലത്തെ വഞ്ചിപ്പുരയില്‍ വെച്ച് കാറില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്.