കയ്പമംഗലം: ചളിങ്ങാട് പള്ളി നടയിൽ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. കയ്പമംഗലം വഴിയമ്പലം സ്വദേശി പുന്നയ്ക്കത്തറ രതീഷ് (43) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് കയ്പമംഗലം പോലീസും, തൃശൂർ റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ പിടിച്ചെടുത്തത്. പരിശോധനയിൽ എം.ഡി.എം.എ കൂടാതെ സിറിഞ്ചുകളും തൂക്കം നോക്കുന്ന മെഷിനും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഒരു വർഷത്തോളമായി കയ്പമംഗലം കേന്ദ്രീകരിച്ച് ഇയാൾ എം.ഡി.എം.എ വില്പന നടത്തിവരുന്നയാളാണെന്ന് പോലീസ് പറഞ്ഞു. ആർക്കൊക്കെയാണ് ഇയാൾ എം.ഡി.എം.എ വില്പന നടത്തുന്നതെന്നും, ആരൊക്കെയാണ് ഇതിൻ്റെ ഉപഭോക്താക്കൾ എന്നും പോലിസ് അന്വേഷിച്ചു വരികയാണ്. കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി വി.കെ.രാജുവിന്റെ നിർദേശ പ്രകാരം കയ്പമംഗലം പോലീസ് ഇൻസ്പെക്ടർ എം.ഷാജഹാൻ, എസ്.ഐ.കെ.എസ്. സൂരജ്, ഡാൻസാഫ് എസ്.ഐ സി.ആർ.പ്രദീപ്, എ.എസ്.ഐ ലിജു ഇയ്യാനി, സീനിയർ സി.പി.ഒ ബിജു, നിശാന്ത്, മുഹമ്മദ് റാഫി, ഗിരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.