തൃപ്രയാർ: വിവിധ കുടിവെള്ള പദ്ധതികൾക്കായി പൊളിച്ചിട്ട ചേർപ്പ് – തൃപ്രയാർ റോഡിലെയും, വിവിധ ഗ്രാമപഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കണമെന്നും, നാട്ടിക പ്രൊജക്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കമെന്നും ആവശ്യപ്പെട്ട് സി സി മുകുന്ദൻ എംഎൽഎ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു. ചേർപ്പ് – തൃപ്രയാർ റോഡിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ചാഴൂർ ജലശുദ്ധീകരണ ശാലയിൽ നിന്നുള്ള ക്ലിയർ വാട്ടർ പമ്പിംഗ് മെയിനും അമൃത് – ഗുരുവായൂർ പദ്ധതിയുടെ ഭാഗമായുള്ള പൈപ്പുകളും സ്ഥാപിച്ച് പ്രവൃത്തികൾ നടപ്പിലാക്കിയെന്നും, അന്തിക്കാട് ,താന്ന്യം, ചാഴൂർ പഞ്ചായത്തുകളിലെ ജലജീവൻ മിഷൻ പ്രവൃത്തികൾ മഴ മൂലമാണ് താൽക്കാലികമായി നിർത്തി വക്കേണ്ടി വന്നതെന്നും റോഡ് റെസ്റ്റോറേഷൻ പ്രത്യേകമായി അറേഞ്ച് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രവൃത്തികളിൽ വീഴ്ച വരുത്തിയ നാട്ടിക പ്രൊജക്റ്റ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അടക്കമുള്ളവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി പരിശോധിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സബ്മിഷന് മറുപടി തൃപ്തികരമല്ലെന്നും, മന്ത്രി റോഷി അഗസ്റ്റിൻ്റെ അധ്യക്ഷതയിൽ അടിയന്തരമായി യോഗം നാട്ടിക പ്രൊജക്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥരെ വെച്ച് ചേർന്ന് റോഡ് റെസ്റ്ററേഷൻ നടപടികൾ തീരുമാനിക്കണമെന്നും സബ്മിഷന് ശേഷം എംഎൽഎ മന്ത്രിയോട് പറഞ്ഞു.