പാവറട്ടി: മേഖലയിൽ കാട്ടു പന്നി ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ ദുരിതത്തിൽ. എളവള്ളി, കാക്കശേരി, പാവറട്ടി, മുല്ലശേരി, തോളൂർ പ്രദേശങ്ങളിൽ കാട്ടുപന്നി വ്യാപകമായി കൃഷി നശിപ്പിക്കുന്നെന്നു കർഷകർ പരാതിപ്പെടുന്നു. പാവറട്ടിയിൽ ആനേടത്ത് റോഡ്, വിളക്കാട്ടുപാടം, എളവള്ളിയിൽ കാക്കശേരി ആലുംപടി, കുണ്ടൂപാടം, പറയ്ക്കാട്, മുല്ലശേരിയിൽ താണവീഥി, മാനിന, വെങ്കിടങ്ങിൽ കണ്ണോത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് പന്നിശല്യം കൂടുതൽ. ചേന, ചേമ്പ്, കൂർക്ക, കാച്ചിൽ തുടങ്ങി കൃഷിയിടങ്ങളിലെ പച്ചക്കറികളെല്ലാം ഇവ കുത്തിമറിച്ച് നശിപ്പിക്കുകയാണ്. ഇടവിള കൃഷി ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണ്. തെങ്ങിൻ തൈകളുടെ കൂമ്പ് ഭക്ഷിക്കുകയും നെൽച്ചെടി നശിപ്പിക്കുകയും വരമ്പുകൾ കുത്തിമറിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം എളവള്ളി പഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ ഉത്തരവ് സമ്പാദിച്ച് ഒട്ടേറെ എണ്ണത്തിനെ കൊന്നൊടുക്കിയെങ്കിലും ഇവ വീണ്ടും പെരുകി.
previous post