അന്തിക്കാട്: ട്യൂഷന് പോകുന്ന വഴിയിൽ നിന്ന് കളഞ്ഞു കിട്ടിയ പണവും എടിഎം കാർഡുകളും മറ്റു രേഖകളും അടങ്ങിയ പേഴ്സ് ട്യൂഷൻ ടീച്ചറുടെ സഹായത്തോടെ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് വിദ്യാർത്ഥികൾ മാതൃകയായി. അന്തിക്കാട് ബിമൽ ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥികളും അന്തിക്കാട് വാലത്ത് ഷിബിൻ മിഥുല ദമ്പതികളുടെ മക്കളായ ഹൃദിക, തട്ടിൽ ജിജോ റിതു ദമ്പതികളുടെ മകൻ നിവേദ് കൃഷ്ണ എന്നിവരാണ് ഈ മിടുക്കർ. വ്യാഴാഴ്ച രാവിലെ 8ന് ട്യൂഷൻ സെന്ററിലേക്ക് വരുമ്പോൾ അന്തിക്കാട് കാർത്യായനി ക്ഷേത്ര വഴിയിൽ നിന്നാണ് പേഴ്സ് കിട്ടിയത്. ട്യൂഷൻ സെൻ്ററിലെ അധ്യാപികയായ കെ എസ് സരിതയുടെ സാനിധ്യത്തിൽ പേഴ്സ് തുറന്ന് പരിശോധിച്ചു. 500 ൻ്റെയും 100 ൻ്റെയും നോട്ടുകളും എടിഎം കാർഡും മെഡിക്കൽ പരിശോധനയുടെ വിവരങ്ങളടങ്ങിയ ലിസ്റ്റും മറ്റ് രേഖകളുമൊക്കെ ഉണ്ടായിരുന്നു. എല്ലാം വെള്ളത്തിൽ വീണ് നനഞ്ഞു കുതിർന്ന നിലയിലായിരുന്നു. നോട്ടുകൾ എല്ലാം മേശപ്പുറത്ത് ഓരോന്നോരോന്നായി അടക്കി വെച്ച് എല്ലാം ഉണക്കി ഭദ്രമാക്കി എണ്ണിയപ്പോൾ 5300 രൂപയുണ്ടായിരുന്നു. പേഴ്സിലുണ്ടായിരുന്ന നമ്പറിൽ ബന്ധപ്പെടുകയും ഉടമയെ വിളിച്ചുവരുത്തി ട്യൂഷൻ സെൻററിൽ വച്ച് പണവും രേഖകളും കൈമാറുകയും ചെയ്തു. അന്തിക്കാട് കല്ലിട വഴി ചോണാട്ട് അശ്വതി ജ്യോതിയുടെ പേഴ്സ് ആണ് കളഞ്ഞുപോയത് ട്യൂഷൻ സെൻററിൽ നിന്നും വിവരമറിയിക്കുമ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ട വിവരം അശ്വതി അറിഞ്ഞത്.
നടത്തറയിലെ സ്വകാര്യ കൊറിയർ സർവീസിന്റെ വെയർ ഹൗസിൽ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന അശ്വതി ബുധനാഴ്ച ഡ്യൂട്ടി കഴിഞ്ഞ് വൈകീട്ട് മടങ്ങുന്ന വഴി പലചരക്ക് സാധനങ്ങളും മറ്റും വാങ്ങിയതിനു ശേഷം പേഴ്സ് ഉൾപ്പടെ സാധനങ്ങളെല്ലാം സൈക്കിളിന്റെ കൊട്ടയിൽ ഇട്ടതായിരുന്നു. ഇതിൽ നിന്ന് പേഴ്സ് നഷ്ടപ്പെട്ടത് അശ്വതി അറിഞ്ഞിരുന്നില്ല. ബുധനാഴ്ച വൈകിട്ട് ഏഴോടെ കളഞ്ഞു പോയ പേഴ്സ് രാത്രിയിലെ മുഴുവൻ മഴ കൊണ്ട് ആരും കാണാതെ റോഡിൽ കിടന്നതിന് ശേഷമാണ് കുട്ടികൾക്ക് കിട്ടിയത്. ഇരുവരെയും മറ്റ് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും അഭിനന്ദിച്ചു. ഹൃദിക അന്തിക്കാട് ഹൈസ്കൂളിലും, നിവേദ്കൃഷ്ണ മാങ്ങാട്ടുക എയുപി സ്കൂളിലേയും ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ്.