വലപ്പാട്: ക്ഷീരകർഷകരുടെ വീട്ടുമുറ്റത്ത് സേവനം എത്തിക്കുന്നതിനായി സംസ്ഥാനത്തെ 152 ബ്ലോക്കുകളിലും വെറ്റിനറി ആംബുലൻസ് സംവിധാനം ഒരുക്കുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. വലപ്പാട് ഗ്രാമ പഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടി നിർമ്മാണം പൂർത്തിയാക്കിയ മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യ ഘട്ടത്തിൽ 29 ബ്ലാക്ക് പഞ്ചായത്തുകളിൽ വെറ്റിനറി ആംബുലൻസുകൾ നൽകി.
എല്ലാ വെറ്റിനറി സെന്ററുകളിലും ഇത്തരത്തിലുള്ള ആംബുലൻസുകൾ നൽകും. 1962 എന്ന നമ്പറിൽ കോൾ സെന്ററിലേക്ക് വിളിച്ചാൽ ആംബുലൻസും, ഡോക്ടറും കർഷകരുടെ വീട്ടു മുറ്റത്ത് എത്തും. മൃഗസംരക്ഷണ സേവനങ്ങൾ കർഷകരുടെ വീട്ടുപടിക്കൽ എത്തിക്കാൻ എ-ഹെൽപ് പദ്ധതിക്കും തുടക്കമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി 439 കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകി കഴിഞ്ഞു. കന്നുകാലികൾക്ക് റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ സംവിധാനം നടപ്പാക്കുന്ന ഇ-സമൃദ്ധ പദ്ധതിക്ക് ഏഴരക്കോടിയോളം രൂപ ചിലവിട്ട് പത്തനംതിട്ട ജില്ലയിൽ തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. സി.സി. മുകുന്ദൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്.പ്രിൻസ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി.പ്രസാദ് എന്നിവർ മുഖ്യാതിഥികളായി. വലപ്പാട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ടി.ജെ. വിനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക്, വൈസ് പ്രസിഡന്റ് വി.ആർ. ജിത്ത്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ബിജോഷ് ആനന്ദൻ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ മല്ലിക ദേവൻ, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ കെ.എ. തപതി, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സുധീർ പട്ടാലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ജ്യോതി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.ആർ. ഷൈൻ, വസന്ത ദേവലാൽ, വാർഡ് മെമ്പർ ബി.കെ. മണിലാൽ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജെസി.സി. കാപ്പൻ, ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജിതേന്ദ്രകുമാർ, വലപ്പാട് പഞ്ചായത്ത് സെക്രട്ടറി സി.എൻ. ഷിനിൽ, വലപ്പാട് സീനിയർ വെറ്റിനറി സർജൻ ഡോ.ജെറിതോമസ്, പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. സ്ഥലം സംഭാവന ചെയ്ത എൻ ടി ആർ കുടുംബത്തിനെയും, മികച്ച ക്ഷീര കർഷകരെയും മുൻ വെറ്റിനറി സീനിയർ സർജൻ ഡോ.സിൽവൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വലപ്പാട് ഗവ. സ്കൂൾ ഗ്രൗണ്ടിന് സമീപം പഞ്ചായത്ത് പദ്ധതി തുകയായ 70 ലക്ഷം രൂപ ചിലവഴിച്ച് 1600 സ്ക്വയർ ഫീറ്റിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആശുപത്രിയും അതിന് കീഴിൽ പ്രവർത്തിക്കുന്ന രണ്ട് സബ് സെൻ്ററുകളുടെയും കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനായി രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഒരു ഡോക്ടർ ആശുപത്രിയിൽ ഉണ്ടായിരിക്കും.