തൃപ്രയാർ: നാട്ടിക നിയോജക മണ്ഡലത്തിലെ സമഗ്ര കുടിവെള്ള പദ്ധതികൾ, ചേർപ്പ് – തൃപ്രയാർ റോഡ് , വിവിധ ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ എന്നിവ നാളുകളായി പരിഹരിക്കാത്ത നാട്ടിക പ്രൊജക്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.സി. മുകുന്ദൻ എംഎൽഎ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചതിന് പിന്നാലെ ഒക്ടോബർ 30 ന് ഉദ്യോഗസ്ഥരെയും, കരാറുക്കാരെയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് ജലവിഭവ് വകുപ്പ് മന്ത്രി. മന്ത്രിയുടെ ചേംബറിൽ രാവിലെ 11 നാണ് മീറ്റിംഗ്.
ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയറോട് നാട്ടിക നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ റിപ്പോർട്ട് മന്ത്രിയുടെ ഓഫീസ് അടിയന്തരമായി ആവശ്യപ്പെട്ടിരുന്നു.
ജില്ലാ തലത്തിലും നാട്ടിക മണ്ഡലത്തിലും നടക്കുന്ന യോഗങ്ങളിലെ തീരുമാനങ്ങൾ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ നടപ്പിലാക്കാതെ ജനങ്ങളെ വെല്ലുവിളിക്കുന്ന രീതിയാണെന്നും ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും എംഎൽഎ നിയമസഭയിൽ ഉന്നയിച്ചിരുന്നു. പ്രവൃത്തികൾ നവംബറിൽ പൂർത്തിയാക്കിയില്ലെങ്കിൽ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.