ഇരിങ്ങാലക്കുട: ബാറിൽ വെച്ച് സുഹൃത്തിനെ ഗ്ലാസ് പൊട്ടിച്ച് കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയും കാട്ടൂർ പോലീസ് സ്റ്റേഷൻ റൗഡിയും ആയ പൊഞ്ഞനം സ്വദേശി പള്ളിച്ചാടത്ത് പ്രേമചന്ദ്രന്റ മകൻ ശ്രീവത്സൻ (41) ആണ് ഇരിങ്ങാലക്കുട പോലിസിന്റെ പിടിയിലായത്.
മാപ്രാണം റോസ് റസിഡൻസി ബാറിൽ വെച്ച് മദ്യപിച്ച പൈസ കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് അടിപിടിയിലേക്കും തുടർന്ന് ഗ്ലാസ് കൊണ്ട് മുഖത്തും കണ്ണിലും കുത്തി വധശ്രമത്തിലേക്കും നയിച്ചത്. രണ്ടു കണ്ണിനും ഗുരുതരമായി പരുക്കേറ്റ പൊഞ്ഞനം സ്വദേശിയായ യുവാവ് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലാണ്. കാട്ടൂർ, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനുകളിലെ പതിനേഴോളം കേസുകളിൽ ശ്രീവത്സൻ പ്രതിയാണ്.