ചാവക്കാട്: പുന്ന ഉൾപ്പെടെ രണ്ട് ക്ഷേത്രങ്ങളിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് പ്രതികളെ കുറിച്ച് വിവരം ലഭിച്ചതായി സൂചന. ചാവക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിലും രണ്ട് കിലോമീറ്റർ അകലെയുള്ള ചാവക്കാട് നഗരത്തിലെ പുതിയ പാലത്തിന് പടിഞ്ഞാറ് നരിയമ്പുള്ളി ഭഗവതി ക്ഷേത്രത്തിലുമാണ് കവർച്ചയുണ്ടായത്. പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽനിന്ന് ആറുലക്ഷം വിലമതിക്കുന്ന സ്വർണാഭരണങ്ങളും വെള്ളിക്കുടങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്. നരിയമ്പുള്ളി ഭഗവതി ക്ഷേത്രത്തിൽ ഭഗവതിയുടെ താലിയും വിഷ്ണുമായയുടെ ഓട് വിഗ്രഹവുമാണ് കവർന്നത്. പുന്നയിൽ തിങ്കളാഴ്ച രാവിലെ ക്ഷേത്രം കഴകക്കാരൻ സുരേഷാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്.
ക്ഷേത്രത്തിലെ വിളക്കുകളും മറ്റും സൂക്ഷിക്കുന്ന സ്റ്റോർ റൂം തുറക്കാനുള്ള താക്കോലെടുക്കാൻ ക്ഷേത്രത്തിനകത്തെ അലമാര നോക്കിയപ്പോഴാണ് വാതിലിന്റെ താഴ് തകർത്ത നിലയിൽ കണ്ടത്. പിന്നീട് ട്രസ്റ്റ് ഓഫിസിന്റെയും പൂട്ടും തകർത്ത നിലയിൽ കണ്ടെത്തി. ഇതോടെ വിവരം ക്ഷേത്രം ഭാരവാഹികളെയും ചാവക്കാട് പൊലീസിനെയും അറിയിക്കുകയായിരുന്നു. ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച സ്വർണാഭരണങ്ങൾ, കിരീടം, മാല, ശൂലം തുടങ്ങിയവയും രണ്ട് വെള്ളികുടങ്ങളുമാണ് കവർന്നതെന്ന് ക്ഷേത്ര കമ്മിറ്റി അംഗം എം.ബി. സുധീർ പറഞ്ഞു. കൗണ്ടറിൽ ഉണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞു. വിവരമറിഞ്ഞ് എൻ.കെ. അക്ബർ എം.എൽ.എയും ഗുരുവായൂർ എ.സി.പി. കെ.എം. ബിജു, ചാവക്കാട് എസ്.എച്ച്.ഒ വി.വി. വിമൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പുന്നയിലെത്തി. തൃശൂർ ഡോഗ് സ്ക്വാഡും വിരലടയാളം വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഫിംഗർ പ്രിന്റ് ബ്യൂറോ തൃശൂർ ടെസ്റ്റർ ഇൻസ്പെക്ടർ കെ.പി. ബാലകൃഷ്ണൻ, സെർച്ചർ അതുല്യ എന്നിവരും തൃശൂർ ഡോഗ് സ്ക്വാഡ് ഡോഗ് ജിപ്സി, സി.പി.ഒമാരായ പി.ഡി. അലോഷി, പ്രവീൺ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. നരിയമ്പുള്ളി ഭഗവതി ക്ഷേത്രത്തിൽ കമ്മിറ്റി അംഗം വി.പി. പ്രദീപാണ് മോഷണ വിവരം ആദ്യമറിഞ്ഞത്. ക്ഷേത്രം തിടപ്പള്ളിയുടെ വാതിലിലെ പൂട്ട് അടിച്ചുതകർത്ത നിലയിലാണ്. തിടപ്പള്ളിക്ക് അകത്ത് സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ച് ക്ഷേത്രം തുറന്നാണ് താലിയും ഓടുവിഗ്രഹവും മോഷ്ടിച്ചത്. മേഖലയിൽ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ നടക്കുന്ന മൂന്നാമത്തെ ക്ഷേത്ര കവർച്ചയാണ് ചാവക്കാട്ടേത്. തൊട്ടടുത്ത വടക്കേക്കാട് സ്റ്റേഷൻ പരിധിയിൽ പുന്നയൂർക്കുളം ആൽത്തറയിൽ ക്ഷേത്രത്തിലും നാലപ്പാട്ട് റോഡിൽ വീട്ടിലുമായി രണ്ടിടത്ത് കവർച്ചയുണ്ടായത് കഴിഞ്ഞ 13നാണ്. ആൽത്തറ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീകോവിൽ കുത്തി തുറന്ന് വെള്ളിയുടെ ഗോളകം, ഭണ്ഡാരങ്ങൾ തുറന്നും ഓഫിസ് മുറിയുടെ വാതിൽ പൊളിച്ചും പണവും കവർന്നു. തൊട്ടടുത്ത നാലപ്പാട്ട് റോഡിൽ വീടിനു മുന്നിൽ നിർത്തിയിട്ട ബൈക്കും മോഷണം പോയി. മോഷ്ടാവിനെ ഇതുവരെ പിടികൂടാനായിട്ടില്ല. പുന്ന ക്ഷേത്ര കവർച്ചയെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയെന്നും പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായും പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും ചാവക്കാട് പൊലീസ് പറഞ്ഞു.