പഴുവിൽ: സുബ്രമണ്യസ്വാമി ക്ഷേത്രം പ്രസിഡണ്ട് പി. ദേവിദാസ്, ഉപദേശക സമിതി അംഗവും സിപിഐ കുറുമ്പിലാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ എ.ബി. ജയപ്രകാശ് എന്നിവരുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ദേവീദാസിന്റെ വീട്ടിലെത്തിയ 4 പേർ ആക്രോശിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഈ സമയം ദേവീദാസും ഭാര്യയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്റെ മുൻ വശത്തെ മുഴുവൻ ജനലുകളും അടിച്ചു തകർത്ത സംഘം തങ്ങളെ വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിമുഴക്കിയതായി ദേവീദാസ് പറഞ്ഞു. തുടർന്ന് സിപിഐ കുറുമ്പിലാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ബി. ജയപ്രകാഷിൻറെ വീട്ടിലും സംഘം ആക്രമണം നടത്തി. വീടിന്റെ ജനൽ ചില്ലുകളും മുറ്റത്തിരുന്ന മൂന്ന് സ്ക്കൂട്ടറുകളും തകർത്തു. കണ്ടാലറിയാവുന്ന നാലോളം പേരാണ് സംഘം വടികളും ആയുധങ്ങളു മുപയോഗിച്ച് ആക്രമണം നടത്തിയതെന്ന് പറയുന്നു. അന്തിക്കാട് എസ്ഐ കെ. അജിത്തിന്റെ നേതൃത്വത്തിൽ ചേർപ്പ്, കാട്ടൂർ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.