തളിക്കുളം: ജൽ ജീവൻ മിഷൻ പദ്ധതിയുടെ പേര് പറഞ്ഞു തളിക്കുളം പഞ്ചായത്തിൽ പൊളിച്ച ഗ്രാമീണ റോഡുകൾ പുനർ നിർമ്മിക്കാൻ മുസ്ലിം യൂത്ത് ലീഗ് തളിക്കുളം പഞ്ചായത്ത് കമ്മറ്റിപാട്ടുപാടി പ്രതിഷേധ സമരം നടത്തി. നാഷണൽ ഹൈവേയുടെ സ്ഥലം എടുപ്പുമായി ബന്ധപ്പെട്ട് 12 കോടി രൂപയും, ജീവൻ മിഷൻ നൽകിയ ആറര കോടി രൂപയും കയ്യിൽ വെച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും തടസ്സപ്പെടുത്തുന്ന തളിക്കുളം പഞ്ചായത്തിന്റെ നടപടി പ്രതിഷേധാർഹമാണ്. വാർഷിക ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ഹൈവേ വികസനത്തിനായി പഞ്ചായത്ത് വിട്ട് കൊടുത്ത സ്ഥലങ്ങളുടെ മതിയായ രേഖകൾ സമർപ്പിക്കാത്തത് കാരണം പഞ്ചായത്തിന് തുടർന്ന് കിട്ടേണ്ടിയിരുന്ന വൻ തുക നഷ്ടപ്പെടുത്തിയത് പഞ്ചായത്തിന്റെ അനാസ്ഥ മൂലം ആണ്. പഞ്ചായത്തിന് പുതിയ ഓഫീസ് കെട്ടിടം പണിയാനുള്ള ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല.
പിണറായി സർക്കാരിന്റെ കമ്മീഷൻ ഭരണത്തിനെതിരെയും മുസ്ലിം യൂത്തലീഗ് പ്രതിഷേധിച്ചു. വൻകിട പദ്ധതികളും അതിൽ നിന്ന് ലഭിക്കുന്ന കമ്മീഷനും മാത്രമാണ് പിണറായി സർക്കാർ ലക്ഷ്യം വെക്കുന്നത്. കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾക്ക് സർക്കാർ നൽകുന്ന പദ്ധതി വിഹിതം 6746 കോടി രൂപ സർക്കാർ വക മാറ്റി ചെലവഴിച്ചിരിക്കുകയാണ്. സാധാരണക്കാരന് പ്രയോജനം ലഭിക്കുന്ന ഒരു പ്രൊജക്റ്റും നടപ്പിലാക്കാൻ പഞ്ചായത്തുകൾക്ക് ഇത് മൂലം കഴിയുന്നില്ല. ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ആശ്രയ പദ്ധതിയിലൂടെ പാവപ്പെട്ടവർക്ക് നൽകേണ്ട കിറ്റുകൾക്ക് വേണ്ടി മാറ്റിവെച്ച തുക നൽകാതെ ഫണ്ട് ലാപ്സാക്കിയതായി മുസ്ലിം ലീഗ് ആരോപിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ഹാറൂൺ റഷീദ് പാട്ട് പാടി സമരം ഉദ്ഘാടനം ചെയ്തു. നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് എ.എ. മുനീർ അധ്യക്ഷത വഹിച്ചു.തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.എം. അബ്ദുൽ ജബ്ബാർ, ജനറൽ സെക്രട്ടറി വി.കെ. നാസർ, ട്രഷറർ പി.എം. സിറാജുദ്ധീൻ, ജില്ലാ പ്രവർത്തക സമിതി അംഗം ഷെഫീക്ക് ഹുസൈൻ, ജില്ലാ കമ്മിറ്റി അംഗം കെ.എസ്. സുബൈർ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സി.എസ്. ശിഹാബുദ്ദീൻ, ജനറൽ സെക്രട്ടറി പി.ബി. സുൽഫിക്കർ എന്നിവർ പ്രസംഗിച്ചു.