തൃപ്രയാർ: ലോറി ശരീരത്തിലൂടെ മുന്നോട്ടും പിന്നോട്ടും കയറിയിറങ്ങി ഒരു വയസ്സുളള മകന്‍ നഷടപ്പെട്ട പിതാവിൻ്റെ വിലാപം കണ്ടു നിന്നവരുടെയും കണ്ണുകള്‍ ഈറനണിയിച്ചു. ആദ്യം ഇടിച്ചു കയറിയ ലോറി പിന്നീട് റിവേഴ്‌സ് എടുത്ത് ഉറങ്ങിക്കിടന്നവരുടെ ശരീരത്തിലൂടെ പിന്നിലേക്ക് പോയതായും രമേശന്‍ പറഞ്ഞു. ലോറി പാഞ്ഞുകയറിയ മകന്റെ ശരീരത്തില്‍ നിന്ന് ഈ സമയം പ്രാണന്‍ വിട്ടുപോയിട്ടുണ്ടായിരുന്നില്ല. പക്ഷേ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ ഒരു വണ്ടി പോലും അവിടെയുണ്ടായിരുന്നില്ല. നാട്ടിക വാഹന അപകടത്തില്‍ ലോറി കയറിയിറങ്ങി ഒരു വയസും രണ്ടു മാസവും മാത്രം പ്രായമുള്ള വിശ്വ എന്ന തന്റെ മകന്‍ പിടയുന്നതു കണ്ട പിതാവ് രമേശിൻ്റെ വിലാപം കണ്ട് നിന്നവർക്കും സഹിക്കാൻ കഴിഞ്ഞിരുന്നില്ല. ആശുപത്രിയിലെത്തിക്കാന്‍ ഒരു വാഹനം തേടി അപകടം നടന്ന സ്ഥലത്തിനു സമീപത്തെ വീടുകളിലേക്കോടി.
കോളിംഗ് ബെല്‍ അടിച്ചിട്ടും വാതില്‍ മുട്ടിയിട്ടും ആരും വാതില്‍ തുറന്നില്ല. കുറുവ സംഘാംഗങ്ങളായ കവര്‍ച്ചക്കാര്‍ ഇത്തരത്തില്‍ പുലര്‍ച്ചെ കോളിംഗ് ബെല്‍ അടിക്കുമെന്നും സൂക്ഷിക്കണമെന്നുമൊക്കെയുള്ള മുന്നറിയിപ്പുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ധാരാളമായി വാട്‌സാപ്പിലും മറ്റും പ്രചരിച്ചിരുന്നതുകൊണ്ട് ആളുകള്‍ വാതില്‍ തുറക്കാന്‍ ധൈര്യപ്പെട്ടില്ല. അവരാരും അപകടം നടന്ന കാര്യമറിഞ്ഞതുമില്ല. ഒരിടത്തും നിന്നും വണ്ടികള്‍ കിട്ടാതെ വന്നതോടെ രമേശന്‍ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ നടുവില്‍ കയറി നിന്നു. ഇതോടെയാണ് ചില വാഹനങ്ങള്‍ നിര്‍ത്തിയതും കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞതും. എന്നാല്‍ കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല. നേരത്തെ വണ്ടി കിട്ടിയിരുന്നെങ്കില്‍ കുട്ടിയെ രക്ഷിക്കാമായിരുന്നുവെന്ന് പറഞ്ഞ് വിലപിക്കുന്ന ആ അച്ഛനെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കുമായില്ല. മരണപ്പെട്ട കുഞ്ഞിനും ഗുരതരാവസഥയില്‍ കഴിയുന്ന ഭാര്യയെ ഓര്‍ത്തും വിലപിക്കുകയാണ് ഈ പിതാവ്.