അരിമ്പൂർ: പ്രായം മറന്ന് ചുറുചുറുക്കോടെ മത്സരങ്ങളിൽ പങ്കെടുത്ത “വയോജനങ്ങൾ ” തങ്ങളുടെ കാര്യക്ഷമതക്ക് ഒട്ടും കുറവ് വന്നിട്ടില്ലെന്ന് തെളിയിച്ചു. കായിക മേളയുടെ ഉദ്ഘാടനം അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ് അധ്യക്ഷനായി. 24 ഇനങ്ങളിലായി 254 പേർ വയോജനങ്ങൾക്കായുള്ള കായിക മേളയിൽ പങ്കെടുത്തു. 158 പേർ സ്ത്രീകളായിരുന്നു. 60 മുതൽ 80 വയസുവരെയുള്ളവർക്കായി 4 വിഭാഗങ്ങളായി തിരിച്ചായിരുന്നു മത്സരങ്ങൾ.
അത്‌ലറ്റിക്സ്, മൈനർ ഗെയിംസ് എന്നിവയിലായി 5 ഗ്രൂപ്പ് ഇനങ്ങളും 19 വ്യക്തിഗത ഇനങ്ങളിലുമായിട്ടായിരുന്നു മത്സരം. അബിൻ തോമസ്, ജൂഡ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. മത്സരങ്ങളിൽ പങ്കെടുത്ത എല്ലാവരെയും അരിമ്പൂർ പഞ്ചായത്തിൻ്റെ വയോ സേവന ശാക്തീകരണ വളണ്ടിയർമാരായി നിയമിക്കും. വിജയികൾക്കുള്ള സമ്മാനദാനം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ നിർവഹിച്ചു. അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ്, പ്രോഗ്രാം കൺവീനർ വി.കെ. ഉണ്ണികൃഷ്ണൻ, കോ-ഓഡിനേറ്റർ കെ.എം. ഗോപീദാസൻ, ഐസിഡിഎസ് സൂപ്പർവൈസർ സി.ആർ. ശ്രീവിദ്യ, വാർഡംഗങ്ങളായ സി.പി.പോൾ, ഷിമി ഗോപി, സലിജ സന്തോഷ്, ജില്ലി വിത്സൻ, നീതു ഷിജു തുടങ്ങിയവർ പങ്കെടുത്തു.