എറിയാട്: രാജ്യത്ത് മോദി ഭരണത്തിൻ കീഴിൽ ന്യൂനപക്ഷങ്ങൾ രൂക്ഷമായ ആക്രമണങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ് പറഞ്ഞു. എറിയാട് നടന്ന സി.പി.എം കൊടുങ്ങല്ലൂർ ഏരിയ സമ്മേളനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണിപ്പൂരിൽ വർഗീയ സംഘട്ടനങ്ങൾ നിയന്ത്രണാതീതമായിരിക്കുന്നു. സാധാരണക്കാരുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി കോർപറേറ്റ് വിധേയ സാമ്പത്തിക നയങ്ങളാണ് കേന്ദ്രം നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത റാലിയും റെഡ് വളന്റിയർമാരുടെ മാർച്ചും നടന്നു. കെ.ആർ. ജൈത്രൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ഡേവീസ്, പി.കെ. ചന്ദ്രശേഖരൻ,ജില്ല കമ്മിറ്റി അംഗം കെ.വി. രാജേഷ് എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. ഏരിയ കമ്മിറ്റി അംഗം കെ.പി. രാജൻ സ്വാഗതവും ഏരിയ സെക്രട്ടറി മുസ്താക്ക് അലി നന്ദിയും പറഞ്ഞു.