ഗുരുവായൂർ: ഏകാദശിയോ ടനുബന്ധിച്ച് ചൊവ്വാഴ്ച രാത്രി 11 മുതൽ വ്യാഴാഴ്ച രാവിലെ ആറ് വരെ ഗുരുവായൂർ ഔട്ടർ റോഡിലും ഇന്നർ റിങ്ങ് റോഡിലും ടൂ വീലർ ഒഴികെയുള്ള എല്ലാ വാഹനങ്ങൾക്കും വൺവേ ആയിരിക്കുമെന്ന് പൊലീസ് അറിയിച്ചു. കുന്നംകുളം ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങൾ മമ്മിയൂർ ജങ്ഷനിൽ നിന്നും ആൽത്തറ – ആനക്കോട്ട റോഡിൽ പാർക്ക് ചെയ്യണം. ചെറിയ വാഹനങ്ങൾ കൈരളി ജങ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അഗ്നിരക്ഷാ നിലയത്തിന് എതിർവശത്തുള്ള പാർക്കിങ് ഗ്രൗണ്ടിലോ, ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിലോ, റെയിൽവെ സ്റ്റേഷന് സമീപത്തുള്ള നഗരസഭയുടെ ബഹുനില പാർക്കിങ് സമുച്ചയത്തിലോ പാർക്ക് ചെയ്യണം. തൃശൂർ ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ മഞ്ജുളാൽ ജങ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഗുരുവായൂർ ടൗൺ ഹാൾ ഗ്രൗണ്ടിലോ, ദേവസ്വം ബഹുനില പാർക്കിങ് സമുച്ചയത്തിലോ പാർക്ക് ചെയ്യണം. വലിയ വാഹനങ്ങൾ ദേവസ്വം ബഹുനില പാർക്കിങ് സമുച്ചയത്തോട് അനുബന്ധിച്ചുള്ള പാർക്കിങ് ഗ്രൗണ്ടിൽ നിർത്തണം. പാവറട്ടി ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ കാരക്കാട് പെരുന്തട്ട ക്ഷേത്രത്തിന് സമീപത്തുള്ള പാർക്കിങ് ഗ്രൗണ്ടിലും ചെറിയ വാഹനങ്ങൾ തെക്കേ നടയിലുള്ള പാഞ്ചജന്യം ഗെസ്റ്റ് ഹൗസിന് പിൻവശത്തുള്ള പാർക്കിങ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. മുതുവട്ടൂർ ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ പടിഞ്ഞാറെ നടയിലുള്ള പഴയ മായ ബസ് സ്റ്റാൻഡ് ഗ്രൗണ്ടിലും ചെറിയ വാഹനങ്ങൾ അഗ്നി രക്ഷാനിലയത്തിന് എതിർവശത്തുള്ള പാർക്കിങ് ഗ്രൗണ്ടിലോ ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിലോ, റെയിൽവെ സ്റ്റേഷന് സമീപത്തുള്ള നഗരസഭ ബഹുനില പാർക്കിങ് സമുച്ചയത്തിലോ നിർത്തണം. ഏകാദശിയോടനുബന്ധിച്ച് ക്രമസമാധാനപാലനത്തിനും ഗതാഗത നിയന്ത്രണങ്ങൾക്കുമായി എ.സി.പിയുടെ നേതൃത്വത്തിൽ നാല് ഇൻസ്പെക്ടർമാരുടെ കീഴിൽ 300 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.