പാവറട്ടി: മരുതയൂർ ഒന്നാം വാർഡിൽ പ്ലാസ്റ്റിക് മാലിന്യം ചാക്കിലാക്കി റോഡിൽ തള്ളിയവർ കുടുങ്ങി. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 4.30ഓടെയാണ് മരുതയൂർ കാളാനി റോഡിൽ പ്ലാസ്റ്റിക് മാലിന്യം ചാക്കിലാക്കി തള്ളിയ നിലയിൽ കണ്ടത്. പഞ്ചായത്തിൽ വിവരമറിയിച്ചതിനെ തുടർന്ന് പ്രസിഡന്റും പഞ്ചായത്ത് ജീവനകാരും ഹരിതകർമ സേനയും എത്തി. ചാക്ക് തുറന്ന് പ്ലാസ്റ്റിക് മാലിന്യം പരിശോധിച്ചപ്പോഴാണ് ഉള്ളിൽനിന്ന് ഓൺലൈനിൽ എത്തിയ കവറിൽ മാലിന്യം തള്ളിയവരുടെ പേരും വിലാസവുമുള്ള കവർ ലഭിച്ചത്. വിലാസകാരന്റെ വീട്ടിലെത്തി. എന്നാൽ ഇവരുടെ വീട്ടിൽ ഒരു സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതിനാൽ ഗൃഹനാഥനോട് ചൊവ്വാഴ്ച പഞ്ചായത്ത് ഓഫിസിൽ ഹാജരാവാൻ ആവശ്യപ്പെട്ടു. 10000 രൂപ പിഴ ചുമത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റജീന പറഞ്ഞു.