News One Thrissur
Updates

ആന എഴുന്നള്ളിപ്പ് വിധി: തൃശൂരിൽ ഉത്സവ രക്ഷാ സംഗമം.

 

തൃശൂര്‍: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈകോടതി വിധി കേരളത്തിലെ ആറായിരത്തോളം പൂരങ്ങളെയും പെരുന്നാളുകളെയും നേർച്ചകളെയുമെല്ലാം ഗുരുതരമായി ബാധിക്കുന്ന വിധത്തില്‍ മാറിയിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതിനാല്‍ ഹൈകോടതി വിധി പുനഃപരിശോധിക്കുകയോ അപ്പീല്‍ പോകുകയോ അതുമല്ലെങ്കില്‍ ഉത്സവങ്ങള്‍ സുഗമമായി നടത്താൻ സര്‍ക്കാര്‍ നിയമം പാസാക്കുകയോ വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും ആന എഴുന്നള്ളിപ്പും വെടിക്കെട്ടും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള ഫെസ്റ്റിവല്‍ കോഓഡിനേഷൻ കമ്മിറ്റി തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടത്തിയ ഉത്സവരക്ഷാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം ഉറപ്പുനല്‍കി. ഹൈകോടതി എന്തൊക്കെ പരിഗണിച്ചുവെന്ന് അറിയില്ല. പൂരകമ്മിറ്റിയുടെ അഭിപ്രായം എന്തുകൊണ്ട് ഹൈകോടതി കേട്ടില്ലെന്നത് അജ്ഞാതമാണ്. ഹൈകോടതി ജഡ്ജിമാരെ വിമര്‍ശിക്കാന്‍ പാടില്ലെന്നേയുള്ളൂ. ജഡ്ജിമാരുടെ വിധിയെ വിമർശിക്കാൻ പൗരന്മാര്‍ക്ക് ഭരണഘടന അധികാരം നല്‍കുന്നുണ്ട്. ഹൈകോടതിയുടെ ഈ വിധി ഒരു കാരണവശാലും പ്രായോഗികമല്ല. ക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ലെന്നു പറയുന്നത് എന്തു വിധിയാണെന്ന് ചെന്നിത്തല ചോദിച്ചു. ക്ഷേത്രചടങ്ങില്‍നിന്ന് പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പരമ്പരാഗതമായി രാജഭരണകാലം മുതല്‍ ഇപ്പോഴും തുടര്‍ന്നുവരുന്നതാണിത്. ജെല്ലിക്കെട്ട് വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മാണം നടത്തിയത് കേരളത്തിനും മാതൃകയാക്കാമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു.

ആന എഴുന്നള്ളിപ്പിനുള്ള നിയന്ത്രണങ്ങള്‍ക്കെതിരെ നിയമനിര്‍മാണം കൊണ്ടുവരാന്‍ തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫെസ്റ്റിവല്‍ കോഓഡിനേഷൻ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എ. കുമാരന്‍ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു, തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ ജോസ് പോഞ്ഞി ക്കര, സി.പി.ഐ തൃശൂര്‍ ജില്ല സെക്രട്ടറി കെ. വത്സരാജ്, കേരള എലിഫന്റ് ഓണേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.എസ്. രവീന്ദ്രനാഥ്, പെരുവനം കുട്ടന്‍ മാരാര്‍, മുന്‍ തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.വി. ചന്ദ്രമോഹന്‍, കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ്, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, കിഴക്കൂട്ട് അനിയന്‍ മാരാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

ഹെൽത്ത് കാർഡ് ക്യാമ്പ് നടത്തി

Sudheer K

തൃശ്ശൂര്‍ -കുറ്റിപ്പുറം പാത അറ്റകുറ്റപ്പണികള്‍ തുടങ്ങി

Sudheer K

കൊടുങ്ങല്ലൂരിൽ എട്ടു വയസുകാരി എസ്ര മരിയ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!