ചാവക്കാട്: പഴക്കം ചെന്ന പാലംകടവ് നടപ്പാലം ജനപ്രതിനിധികൾ സന്ദർശിച്ചു. കടപ്പുറം, ഒരുമനയൂർ പഞ്ചായത്തുകളെ ബന്ധപ്പെടുത്തുന്ന പാലംകടവ് നടപ്പാലം അപകടഭീഷണിയിലാണ്. ഇരുമ്പ് നടപ്പാലത്തിന് 15 കൊല്ലത്തെ പഴക്കമുണ്ട്. ഇതിനിടയിൽ ഒരു പ്രാവശ്യമാണ് അറ്റകുറ്റപ്പണി നടത്തിയത്. നിലവിൽ പാലം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. അറ്റകുറ്റപ്പണിക്കായി അഞ്ചുലക്ഷം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ഉണ്ടെങ്കിലും ഈ തുകക്ക് പ്രവൃത്തി പൂർത്തീകരിക്കാനാവില്ലെന്നാണ് എൻജിനീയർമാരുടെ അഭിപ്രായം. പാലത്തിന്റെ ശോചന്യാവസ്ഥ സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും ബജറ്റിൽ തുക വകയിരുത്തി ഇവിടെ വാഹനം പോകാവുന്ന രീതിയിൽ പാലം പണിയുന്നതിന് നടപടിയെടുക്കുന്നതിന് ആവശ്യപ്പെടുന്നതിനും യോഗം തീരുമാനിച്ചു. എൻ.കെ. അക്ബർ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്, കലക്ടർ എന്നിവരെ നേരിട്ട് കാണാൻ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നഫീസ കുട്ടി വലിയകത്ത് അധ്യക്ഷത വഹിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡൻറ് സ്വാലിഹ ഷൗക്കത്ത്, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡൻറ് വിജിത സന്തോഷ്, ജില്ല പഞ്ചായത്ത് അംഗം അഡ്വ. വി.എം. മുഹമ്മദ് ഗസ്സാലി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. അഷിത, ഒരുമനയൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കയ്യുമ്മ ടീച്ചർ, കടപ്പുറം സ്ഥിരം സമിതി അധ്യക്ഷൻ വി.പി. മൻസൂർ അലി, ബ്ലോക്ക് സെക്രട്ടറി സി.എ. വർഗീസ് എന്നിവർ പങ്കെടുത്തു.