പെരിങ്ങോട്ടുകര: നിർമ്മാണം മുടങ്ങിയ കിഴുപ്പിള്ളിക്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പുനരാരംഭിക്കുന്നതിന് പുതുക്കിയ നിരക്കിലുള്ള ഭരണാനുമതി ലഭിച്ചു. താന്ന്യം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും കൃഷി ആവശ്യത്തിനും വേണ്ടിയുള്ള പദ്ധതിയാണിത്.
2017ൽ സംസ്ഥാന സർക്കാർ 4 കോടി രൂപ അനുവദിച്ച് നിർമ്മാണം ആരംഭിച്ചതാണ്. എന്നാൽ ഇടക്കാലത്ത് കരാറുകാരൻ മരണപ്പെടുകയും നിർമ്മാണം നിലച്ചുപോവുകയും ചെയ്തു. പിന്നീട് ജിഎസ്ടി തുക കൂടി ഉൾപ്പെടുത്തി പുതുക്കിയ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ ലഭ്യമായിരുന്നില്ല. പദ്ധതി പുനരാരംഭിക്കുന്നതിന് സിപിഐ.എം മുൻ താന്ന്യം തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം മുകേഷ്, മുൻ ലോക്കൽ കമ്മിറ്റി അംഗം ടി.കെ. പരമേശ്വരൻ നേതൃത്വത്തിൽ സി.സി. മുകുന്ദൻ എംഎൽഎയോടൊപ്പം ബന്ധപ്പെട്ട വകുപ്പുകളിലും ഭരണതലത്തിലും നിരന്തരം ഇടപെടൽ നടത്തിയിരുന്നു. പ്രവർത്തിക്കുള്ള 2,06,51000 രൂപയുടെ ഭരണാനുമതിയാണ് ഇപ്പോൾ ലഭിച്ചത്.