തൃപ്രയാർ: ഭൂരിപക്ഷം നഷ്ടപ്പെട്ട നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നാട്ടിക ബ്ലോക്ക് കമ്മിറ്റി നടത്തിയ നാട്ടിക പഞ്ചായത്ത് ഓഫീസ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തള്ളി മാറ്റാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ ഒട്ടേറെ പ്രവർത്തകർ നിലത്തുവീണു. ഏതാനും പേർക്ക് പരുക്കേറ്റു. തുടർച്ചയായുള്ള ജലപീരങ്കി സ്ത്രീകൾക്കു നേരെ പ്രയോഗിച്ചപ്പോഴാണ് പ്രവർത്തകർ പ്രകോപിതരായത്.
തുടർന്ന് പ്രവർത്തകർ പൊലിസ് വാഹനത്തിനു നേരെ ആക്രമണം നടത്തി. രണ്ട് മണിക്കൂറോളം പ്രവർത്തകർ മുദ്രാവാക്യം വിളിയുമായി ഓഫീസിനു മുൻപിൽ തുടർന്നു. പ്രകോപിതരായ പ്രവർത്തകരെ പാർട്ടി നേതാക്കൾ ഇടപെട്ട് സമാധാനിപ്പിച്ചു. കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി വി.കെ രാജുവിൻ്റെ നേതൃത്വത്തിൽ പൊലിസ് പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. കെ.പി.സി.സി വർക്കിങ് പ്രസിഡൻ്റ് ടി.എൻ പ്രതാപൻ മാർച്ച് ഉദ്ഘാടനം ചെയ്തു. നാട്ടിക ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ നടന്ന ഉപ തെരഞ്ഞെടുപ്പിൽ സി.പി.എം സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് യു.ഡി.എഫ് സ്ഥാനാർഥി പി.വിനു വിജയിച്ചപ്പോൾ കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട സി.പി.എം നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജി വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ 14 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് ആറും എൽ.ഡി.എഫിന് അഞ്ചും അംഗങ്ങളാണുള്ളത്. ജനാധിപത്യത്തിൽ ആറാണോ, അഞ്ചാണോ വലുതെന്ന് സി.പി.എം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഐ ഷൗക്കത്തലി അധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അനിൽ പുളിക്കൽ, നൗഷാദ് ആറ്റുപറമ്പത്ത്, വി. ആർ വിജയൻ, കെ.ദിലീപ്കുമാർ, സി.എം. നൗഷാദ്, സുനിൽ ലാലൂർ, പി.വിനു, ഹീറോഷ് ത്രിവേണി, പി.എം. സിദ്ദിഖ് സംസാരിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമായ പി.എസ്. സുൽഫിക്കർ, കെ.ബി. രാജീവ്, പി.എസ്. സന്തോഷ്, കെ. കെ. ചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ.എൻ. സിദ്ധപ്രസാദ്, അബ്ദുൽ ഗഫൂർ തളിക്കുളം, വി.കെ. മോഹനൻ, ടി.വി. ഷൈൻ,സി.എസ് മണികണ്ഠൻ, ജീജശിവൻ, സി.ആർ. രാജൻ, ബിജീഷ് പന്നിപ്പുറത്ത്, ഉസ്മാൻ അന്തിക്കാട്, ഷാനവാസ്, രഹന ബിനീഷ്, എം.എം. ഇക്ബാൽ, ബാബു കുന്നുങ്ങൾ, ബിന്ദു പ്രദീപ്, സി.വി. ഗിരി, പ്രദീപ് താന്ന്യം, ഷൈൻ പള്ളിപറമ്പിൽ, കെ.വി സുകുമാരൻ, രമേഷ് അയിനിക്കാട്ട്, സി.വി. വികാസ്, ഗീത വിനോദൻ നേതൃത്വം നൽകി.