ചാഴൂർ: പഞ്ചായത്തിലെ ഏഴാം വാർഡിൽ വീണ്ടും മോഷണശ്രമം. ഇന്നലെ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തെ പൂട്ടി കിടന്നിരുന്ന വീട് വൃത്തിയാക്കുവാൻ ഉടമസ്ഥൻ എത്തിയപ്പോൾ വീടിന്റെ വാതിൽ തകർത്തതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോൾ വീടിനകത്തെ വാതിലുകളും അലമാരകളും തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഒന്നും നഷ്ടപ്പെടാത്തതിനെ തുടർന്ന് വീട്ടുടമസ്ഥൻ പൊലീസിൽ പരാതി നൽകിയിട്ടില്ല. വാർഡിലെ അടഞ്ഞുകിടക്കുന്ന വീടുകളിൽ മോഷണം നടന്നിട്ടുണ്ടോ എന്നറിയാനായി എല്ലാം തുറന്നു പരിശോധിക്കേണ്ട അവസ്ഥയാണ് ഇപ്പോഴെന്ന് വാർഡ് അംഗം പി.കെ.ഇബ്രാഹിം പറയുന്നു. അതിനിടെ കഴിഞ്ഞദിവസം മോഷണം നടന്ന പഴുവിൽ ശിവക്ഷേത്രം റോഡിൽ പണിക്കവീട്ടിൽ ശ്യാംകുമാറിന്റെ വീട്ടിൽ വിരലടയാള വിദഗ്ധർ എത്തി പരിശോധന നടത്തി. പരിശോധനയിൽ മോഷ്ടാവിൻ്റേതെന്ന് കരുതുന്ന വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.ദുബായിൽ താമസിക്കുന്ന ശ്യാംകുമാറിന്റെ വീടിന്റെ മുൻവശത്തെ വാതിലും വീടിനകത്തെ മുറികളുടെ വാതിലുകളും അലമാരകളും മോഷ്ടാവ് തകർത്തെങ്കിലും ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. മുൻപും സമാനമായ മോഷണങ്ങൾ മേഖലയിൽ നടന്നിരുന്നു. അന്ന് രണ്ടു വീടുകളിൽ നിന്നായി 20 ഓളം പവൻ സ്വർണാഭരണവും 25,000 രൂപയും മോഷണം പോയിരുന്നു. മോഷണം വർധിക്കുന്ന സാഹചര്യത്തിൽ പൊലീസ് രാത്രികാല പട്രോളിങ്ങ് കൂടുതൽ ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. മുൻപ് നടന്ന മോഷണ കേസുകളിലെ പ്രതികളെ പിടികൂടാൻ പൊലീസിന് സാധിക്കാത്തതും നാട്ടുകാരിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.