കാഞ്ഞാണി: സെൻ്ററിൽ വ്യാഴാഴ്ച്ച ഉണ്ടായ വാഹന കുരുക്കിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഇവിടെ പതിവായി ഉണ്ടാകാറുള്ള ഹോം ഗാർഡിന്റെ സേവനം വ്യാഴാഴ്ച ഇല്ലാതായത് ഗതാഗതക്കുരുക്ക് ഇരട്ടിയാക്കി. കൊടകരയിലെ അനിഷ്ട സംഭവത്തെ തുടർന്ന് ഉണ്ടായ അടിയന്തര സാഹചര്യം നേരിടുന്നതിന്റെ ഭാഗമായി ഉയർന്ന ഉദ്യോഗസ്ഥന്മാരുടെ നിർദേശാനുസരണം വ്യാഴാഴ്ച പകൽ 11 ന് ഇവിടത്തെ ഹോം ഗാർഡിനെ പിൻവലിക്കുകയായിരുന്നു. തുടർന്നാണ് ഇവിടെ സമാനതകളില്ലാത്ത വിധം ഗതാഗതക്കുരുക്ക് രൂക്ഷമായത്. സ്വകാര്യ ബസ്സുകളുടെ കണ്ടക്ടർമാരും ക്ലീനർമാരും അവരവരുടെ വാഹനങ്ങൾ കടന്നുപോകുന്നതിനുവേണ്ടി ഗതാഗതം നിയന്ത്രിച്ചതോടെ ചെറു വാഹനങ്ങൾ മണിക്കൂറുകളോളം കുരിക്കിലകപ്പെട്ട കാഴ്ചയും ഉണ്ടായി.
റോഡിന് ആവശ്യമായ വീതിയില്ലാത്തതാണ് ഇവിടെ വാഹനങ്ങളുടെ അഴിയാക്കുരുക്കിന് പ്രധാന കാരണമെന്ന് യാത്രക്കാർ പറയുന്നു. ട്രാഫിക്കിൽ നിന്നും ഹോം ഗാർഡുകളെ ഒഴിവാക്കി സിവിൽ പോലീസ് ഓഫീസർമാരെ കാഞ്ഞാണിയിൽ നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്.