തൃപ്രയാർ: ചട്ടങ്ങളും നിയമങ്ങളും വികലമായി വായിക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാടുകൾ പലപ്പോഴും ജനങ്ങൾക്ക് ദ്രോഹമായി മാറുന്നുണ്ടെന്ന് മന്ത്രി. കെ. രാജൻ പറഞ്ഞു. ഇവ നിർമ്മിക്കപ്പെട്ടിട്ടുള്ളത് ജനങ്ങളുടെ ക്ഷേമങ്ങൾക്ക് വേണ്ടിയാണെന്നും ഇവ ജനങ്ങളിൽ ഉപദ്രവമായി മാറുന്ന രീതിയിൽ അടിച്ചേൽപ്പിക്കുന്നതിന് പകരം ശരിയായ വായനകളിലൂടെ ഇവ ജനങ്ങൾക്ക് ഗുണകരമാക്കാൻ സാധ്യമാകുമെന്നും ഇതാണ് നാടിന് ആവശ്യമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു. വീട് സ്വപ്നമായി കഴിയുന്ന നിർധന കുടുംബങ്ങൾക്ക് നാട്ടിക മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ യു.എ.ഇ. നാട്ടിക മഹല്ല് വെൽഫെയർ കമ്മിറ്റി നിർമ്മിച്ച എട്ടാമത്തെ ബൈത്തുന്നൂർ സമർപ്പണം നിർവഹിക്കു കയായിരുന്നു മന്ത്രി കെ രാജൻ.
സ്വയം ജീവിക്കാനുള്ള കടുത്ത പരിശ്രമങ്ങൾക്കിടയിലും തന്റെ ചുറ്റുപാടുകളിലെ വേദനകളിൽ മനസ്സ് സമർപ്പിക്കാനുള്ള പ്രവാസികളുടെ ഇടപെടലുകളുമാണ് ഇന്നു കാണുന്ന സകലമാന പുരോഗതികളിലേക്കും സമൂഹത്തെ വഴി നടത്തിയിതിൽ മുഖ്യഘടകമായിട്ടുള്ളത്. പ്രളയവും കോവിഡും ഭൂചലനങ്ങളും ഉൾപ്പെടെ നാടിന്റെ എല്ലാ പൊതുവേദനകളിലും ചേർന്നു നിൽക്കുന്നതിനും സഹായമാകുന്നതിനും പ്രവാസികൾ വഹിച്ച പങ്ക് വിലമതിക്കാനാകാത്തതാണെന്നും കെ. രാജൻ പറഞ്ഞു. ഭവനരഹിതകൾക്കായി സർക്കാർ നടപ്പിലാക്കിയ ലൈഫ് പദ്ധതിയിലൂടെ വീടുകൾ നൽകുന്നുണ്ടെങ്കിലും യു.എ.ഇ. നാട്ടിക മഹല്ല് വെൽഫെയർ കമ്മിറ്റിയുടെ ബൈത്തുന്നൂർ പോലെയുള്ള പദ്ധതികൾ ജനങ്ങൾക്ക് വലിയ ആശ്വാസമാണെന്നും കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ഇതുപോലെയുള്ള പദ്ധതികൾ പൊതുസമൂഹം ഏറ്റെടുത്ത് നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. നാട്ടിക മഹല്ല് പ്രസിഡൻ്റ് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷനായി. മഹല്ല് ഖത്തീബ് കബീർ ഫൈസി ചെറുകോട്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ. ദിനേശൻ, മുൻ പ്രസിഡൻ്റ് അനിൽ പുളിക്കൽ, യു.എ.ഇ. നാട്ടിക മഹല്ല് വെൽഫെയർ കമ്മിറ്റി പ്രസിഡൻ്റ് ആർ.എ. ബഷീർ കെ.എസ്. അബ്ദുൽ മജീദ്, മഹല്ല് ജനറൽ സെക്രട്ടറി കെ.എ. ഷൗക്കത്തലി, വൈസ് പ്രസിഡൻ്റ് കെ.എ. അഷറഫ്, ട്രഷറർ എം.കെ. ആസഫലി, സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദ് യുഎഇ നാട്ടിക മഹല്ല് വെൽഫെയർ കമ്മിറ്റി ജോയിന്റ് സെക്രട്ടറി എൻ.എ.സൈഫുദ്ദീൻ എന്നിവർ പ്രസംഗിച്ചു.