News One Thrissur
Updates

ക്രിസ്മസ് ആഘോഷത്തിനിടെ പാലയൂർ പള്ളിയിലെ പൊലീസ് നടപടി: ചാവക്കാട് പാലയൂർ ഫെറോന പ്രതിഷേധിച്ചു; വ്യാപക പ്രതിഷേധം

ചാവക്കാട്: പാലയൂർ സെന്‍റ് തോമസ് തീർഥ കേന്ദ്രത്തിൽ കരോൾ തടസ്സപ്പെടുത്തിയ പൊലീസ് നടപടിക്കെതിരെ പാലയൂർ ഫെറോനയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമായി നിരവധിപേർ പങ്കെടുത്തു. പാലയൂർ പള്ളി പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ചാവക്കാട് മുനിസിപ്പൽ ചതുരത്തിൽ അവസാനിച്ചു. യോഗം കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്‍റ് ജോബി കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ. ഡേവിസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. തോമസ് ചിറമ്മൽ, ജോഷി കൊമ്പൻ എന്നിവർ സംസാരിച്ചു. പി.ഐ. ലാസർ സ്വാഗതവും സേവിയർ വാഗയിൽ നന്ദിയും പറഞ്ഞു.

പാലയൂരിലെ പൊലീസ്‌ നടപടികൾ നിർഭാഗ്യകരം -അതിരൂപത തല പ്രതിനിധി സംഘം

തൃശൂർ: പാലയൂർ സെന്റ് തോമസ് പള്ളിയിലെ സംഭവവികാസങ്ങൾ നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പാലയൂർ പള്ളി സന്ദർശിച്ച പാസ്റ്ററൽ കൗൺസിലിന്റെയും കത്തോലിക്ക കോൺഗ്രസിന്റെയും നേതൃത്വത്തിലുള്ള അതിരൂപത പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു. സർക്കാർ നിലപാട് എന്താണെന്നറിയാൻ സഭാ നേതൃത്വത്തിന് ആകാംക്ഷയുണ്ട്. ശാന്തമായ അന്തരീക്ഷത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ ശിക്ഷണനടപടി സ്വീകരിക്കണം. കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡന്‍റ് ഡോ. ജോബി തോമസ് കാക്കശ്ശേരിയുടെ അധ്യക്ഷതയിൽ പാലയൂർ തീർത്ഥകേന്ദ്രത്തിൽ യോഗം ചേർന്നു. വൈദികർ, പള്ളി ട്രസ്റ്റിമാർ, സംഘടന ഭാരവാഹികൾ എന്നിവരുമായി ചർച്ചകൾ നടത്തി. തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, അഡ്വ. ഫോറം പ്രസിഡന്റ് അഡ്വ. അജി വർഗീസ്, മുൻപാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പി.ഐ. ലാസർ മാസ്റ്റർ, കത്തോലിക്ക കോൺഗ്രസ് അതിരൂപത സെക്രട്ടറി കെ.സി. ഡേവീസ്, ട്രഷറർ റോണി അഗസ്റ്റ്യൻ, ലീല വർഗീസ്, മേഴ്സി ജോയ്, ജോജു മഞ്ഞില, അലോഷ്യസ് കുറ്റിക്കാട്ട്, ജോഷി കൊമ്പൻ, തോമസ് ചിറമ്മൽ എന്നിവർ സംബന്ധിച്ചു.

കോൺഗ്രസ് പ്രകടനം നടത്തി

ചാവക്കാട്: പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷ പരിപാടിക്കിടയിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ചാവക്കാട് നഗരസഭ ചത്വരത്തിൽനിന്ന് തുടങ്ങിയ പ്രകടനം ടൗൺ ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന യോഗം കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി കെ.ഡി. വീരമണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് കെ.വി. യൂസഫലി അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ഗുരുവായൂർ നിയോജകമണ്ഡലം കൺവീനർ കെ.വി. ഷാനവാസ് മുഖ്യ പ്രഭാഷണം നടത്തി.

പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി നിർത്തണം -കെ. മുരളീധരൻ

ചാവക്കാട്: പാലയൂരിൽ ക്രിസ്മസ് ആഘോഷങ്ങളുടെ പൊലിമ തകർക്കാൻ ഗൂഢാലോചനയുണ്ടായെന്നും കരോൾ ഗാനം മുടക്കിയ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും കെ. മുരളീധരൻ. പാലയൂർ തീർഥ കേന്ദ്രം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പരിപാടികള്‍ രാത്രി നീണ്ടുപോകാതിരിക്കാന്‍ ഉച്ചഭാഷിണികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം മതപരമായ ചടങ്ങുകള്‍ക്കും മറ്റും ബാധകമാക്കുന്നത് ശരിയല്ലെന്ന് മുരളീധരന്‍ പറഞ്ഞു.

എസ്.ഐയുടെ പേരിൽ നടപടി വേണം -എൽ.ഡി.എഫ്

ചാവക്കാട്: ചാവക്കാട് എസ്.ഐ. വിജിത്തിന്‍റെ പേരിൽ നിയമാനുസൃത നടപടി വേണമെന്ന് എൽ.ഡി.എഫ് ജില്ല കൺവീനർ കെ.വി. അബ്ദുൽ ഖാദർ. പള്ളിയിൽ വികാരിയെ സന്ദർശിച്ച ശേഷഠ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം ഏരിയ സെക്രട്ടറി ടി.ടി. ശിവദാസ്, നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത്, ലോക്കൽ സെക്രട്ടറി പി.എസ്. അശോകൻ, മാലിക്കുളം അബ്ബാസ്, സി.കെ. തോമസ്, സി.ജി. സതീശൻ എന്നിവർ സംബന്ധിച്ചു.

നടപടി സർക്കാർ നയത്തിന് വിരുദ്ധം -സി.പി.എം

ചാവക്കാട്: പാലയൂർ സെന്റ് തോമസ് പള്ളിയിലെ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തിയ ചാവക്കാട് എസ്.ഐ കേരള സർക്കാറിന്റെ ഉത്തരവ് ലംഘിച്ചിരിക്കുകയാണെന്ന് സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി.2020ൽ ഒന്നാം പിണറായി സർക്കാർ സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിയമ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ച ചാവക്കാട് എസ്.ഐക്കെതിരെ സർക്കാർ അടിയന്തര ശിക്ഷനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം സംബന്ധിച്ച് സി.പി.എം മുഖ്യമന്ത്രിക്കും ഉന്നത പൊലീസിനും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

എസ്.ഐ ബി.ജെ.പിക്ക് വിളവെടുക്കാൻ അവസരമൊരുക്കുന്നു -യൂത്ത് ലീഗ്

ചാവക്കാട്: കരോൾ തടഞ്ഞതിനു പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും യൂത്ത് ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി. മനപ്പൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ച് അതിലൂടെ ബി.ജെ.പിക്ക് ഇടപെടാൻ അവസരമൊരുക്കി ലാഭം കൊയ്യാനുള്ള ശ്രമങ്ങളാണ് എസ്.ഐയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ബലമായി സംശയിക്കേണ്ടിരിക്കുന്നു. ആഭ്യന്തര വകുപ്പിന് പരാതി നൽകുമെന്ന് യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ടി.ആർ. ഇബ്രാഹിം, ജനറൽ സെക്രട്ടറി അഹമ്മദ് കബീർ ഫൈസി എന്നിവർ പറഞ്ഞു.

എസ്.ഐയെ സസ്പെൻഡ് ചെയ്യണം -യു.ഡി.എഫ്

ചാവക്കാട്: സാമുദായിക വിദ്വേഷത്തിന് സാഹചര്യം സൃഷ്ടിച്ച എസ്.ഐ വിജിത്തിനെ സസ്പെൻഡ് ചെയ്യണം. ഇതിന് പിന്നിൽ സി.പി.എം നേതൃത്വത്തിനുള്ള പങ്ക് തള്ളി കളയാൻ ആവാത്തതാണെന്നും യു.ഡി.എഫ് ഗുരുവായൂർ നിയോജകമണ്ഡലം കൺവീനർ കെ.വി. ഷാനവാസ്‌ പറഞ്ഞു.

കേരളത്തിൽ പൊലീസ് രാജ് അനുവദിക്കില്ല – വെൽഫെയർ പാർട്ടി

ചാവക്കാട്: കരോൾ മുടക്കാനുള്ള പൊലീസിന്റെ ശ്രമം പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റി. കേരളത്തിൽ പിണറായി വിജയൻ സർക്കാർ നടപ്പാക്കുന്ന പൊലീസ് രാജിന്റെ ഭാഗമാണിത്. പൊലീസുകാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഭരണകൂടം തയാറാവണമെന്ന് പ്രസിഡന്റ് ഫൈസൽ ഉസ്മാൻ ആവശ്യപ്പെട്ടു.

എസ്.ഐക്കെതിരെ നടപടി വേണം -സി.പി.ഐ

ചാവക്കാട്: ചാവക്കാട് എസ്.ഐ വിജിത്ത് കെ. വിജയനെതിരെ നടപടി വേണമെന്നും സി.പി.ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീർ. നിരവധി പരാതികൾ എസ്.ഐക്കെതിരെ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് നടപടി ഗൗരവതരം -സി.എച്ച്. റഷീദ്

ചാവക്കാട്: പൊലീസ് നടപടി പ്രധിഷേധാർഹമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ്. എസ്.ഐയെ മാറ്റി നിർത്തി അന്വേഷണം നടത്തണം. മുസ്‌ലിം ലീഗ് ജില്ല ട്രഷറർ ആർ.വി. അബ്ദുറഹീം, സെക്രട്ടറി പി.വി. ഉമ്മർകുഞ്ഞി, എൻ.കെ. അബ്ദുൽ വഹാബ്, എ.എച്ച്. സൈനുൽ ആബിദീൻ, ലത്തീഫ് പാലയൂർ, ഫൈസൽ കാണാംപുള്ളി, ആരിഫ് പാലയൂർ, ഷജീർ പുന്ന, ഷക്കീർ എന്നിവർ സംബന്ധിച്ചു.

എസ്.ഡി.പി.ഐ പ്രകടനം

ചാവക്കാട്: എസ്.ഡി.പി.ഐ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നാരംഭിച്ച പ്രകടനത്തിന് ഗുരുവായൂർ നിയോജക മണ്ഡലം നേതാക്കളായ ജബ്ബാർ അണ്ടത്തോട്, നൗഫൽ അകലാട്, ഷഫീദ് ബ്ലാങ്ങാട്, നഗരസഭ കമ്മിറ്റി പ്രസിഡന്‍റ് ഫാമിസ് അബൂബക്കർ, ഹാരിസ് ചാവക്കാട് എന്നിവർ നേതൃത്വം നൽകി. പള്ളി എസ്.ഡി.പി.ഐ നേതാക്കൾ സന്ദർശിച്ചു.

Related posts

കുന്നംകുളം നഗരസഭയിൽ: രാപകൽ സമരവുമായി കൗൺസിലർമാർ

Sudheer K

തൃശൂരിൽ മറിഞ്ഞ സ്കൂട്ടർ സ്റ്റാർട്ടാക്കുമ്പോൾ തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു

Sudheer K

വിദ്യാർത്ഥികളുടെ സമരം ഫലം കണ്ടു; അന്തിക്കാട് കല്ലിടവഴി റോഡിലെ വെള്ളക്കെട്ടിന് താത്ക്കാലിക പരിഹാരം

Sudheer K

Leave a Comment

error: Content is protected !!