വാടാനപ്പള്ളി: ജനുവരി 4 മുതൽ റാഞ്ചിയിൽ നടക്കുന്ന നാഷ്ണൽ സ്കൂൾ അതലറ്റിക് മീറ്റിൽ സിബിഎസ്ഇയെ പ്രതിനിധീകരിച്ച് സി എസ് എം സെൻട്രൽ സ്കൂൾ വിദ്യാർത്ഥിനിയായ പി.എൻ.അബിയ പങ്കെടുക്കും. ഓട്ട മത്സരത്തിൽ 100 മീറ്റർ, 200 മീറ്റർ ഇനങ്ങളിലാണ് അബിയ മാറ്റുരയ്ക്കുന്നത്. അഖിലേന്ത്യാ തലത്തിൽ നടക്കുന്ന ഈ കായിക മത്സരത്തിൽ തൃശ്ശൂർ ജില്ലയിൽ നിന്നും സിബിഎസ്ഇ യെ പ്രതിനിധീകരിക്കുന്ന ഏക കായിക താരമാണ് അബിയ. ഒക്ടോബർ മാസത്തിൽ വാരാണസിയിൽ നടന്ന സിബിഎസ്ഇ നാഷ്ണൽ അതലറ്റിക് മീറ്റിൽ കാഴ്ചവെച്ച മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അബിയ നാഷ്ണൽ സ്കൂൾ മീറ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എൽകെജി മുതൽ ഇടശ്ശേരി സിഎസ്എം സെൻട്രൽ സ്കൂളിൽ പഠിക്കുന്ന അബിയ ഇപ്പോൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. ചെറിയ ക്ലാസുമുതൽ കായിക മത്സരങ്ങളിൽ മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന അബിയ, പങ്കെടുത്ത ജില്ല – സംസ്ഥാന കായിക വേദികളിലൊക്കെ മികവാർന്ന വിജയം നേടിയിട്ടുണ്ട്. അബിയയുടെ അർഹതയ്ക്കു ലഭിക്കുന്ന ഏറ്റവും മികച്ചൊരു അംഗീകരമാണ് നാഷ്ണൽ സ്കൂൾ അതലറ്റിക് മീറ്റ് പ്രാതിനിധ്യം. റാഞ്ചിയിൽ നടക്കുന്ന അതലറ്റിക് മീറ്റിൽ പങ്കെടുക്കാനൊരുങ്ങുന്ന അബിയക്ക് സിഎസ്എം മാനേജ്മെന്റും, പിടിഎയും, സ്റ്റാഫും, വിദ്യാർത്ഥികളും ചേർന്ന് യാത്രയയപ്പ് നൽകി. ചെയർ പേഴ്സൺ സഫിയ റഹ്മാൻ, പ്രിൻസിപ്പൾ ഡോ.എം..ദിനേഷ് ബാബു, സെക്രട്ടറി സി.എം. നൗഷാദ്, മാനേജർ പി.കെ. ഹൈദരാലി, പിടിഎ പ്രസിഡൻ്റ് പി.എം. ഷൗക്കത്തലി, വൈസ് പ്രിൻസിപ്പൾ നദീറ ജാബിർ തുടങ്ങിയവർ അബിയക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
previous post