കാഞ്ഞാണി: മണലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തന്നെ കൊണ്ട് പ്രസിഡന്റിന്റെ വീട്ടുകാര്യങ്ങൾ കൂടി ചെയ്യിപ്പിക്കുന്നതിൽ മനോവിഷമത്താലും പ്രതിഷേധിച്ചും പഞ്ചായത്തിലെ താൽക്കാലിക ഡ്രൈവർ ജോലി രാജിവെച്ചതായി പൊറ്റേക്കാട്ട് പി.എസ്. രജിത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസിന്റെ സജീവ പ്രവർത്തകനായതു കൊണ്ടാണ് യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ പാർട്ടി ഇടപെട്ട് രണ്ട് വർഷം മുമ്പ് താൽക്കാലിക ഡ്രൈവർ ജോലി തനിക്ക് തന്നത്. പ്രസിഡന്റിന്റെ വാഹനമോടിക്കുന്ന ഡ്രൈവറായിരുന്നിട്ടും മറ്റ് കാര്യങ്ങളും പ്രസിഡന്റ് തന്നെ കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു. പ്രസിഡന്റിന്റെ വീട്ടിലെ വളർത്തു പോത്തിനെ അഴിച്ചുകെട്ടാനും അദ്ദേഹത്തിന്റെ കോൾ പടവിലേക്ക് കൃഷിക്ക് വളം ഇടുന്നതിനും പുല്ല് പറിക്കാനും തൊഴിലാളികൾക്ക് കൂലി കൊടുക്കാനുംവരെ വാഹനം ഉപയോഗിച്ചുവരുകയാണ്. ഏങ്ങണ്ടിയൂർ സെന്റ് തോമസ് സ്കൂളിലെ അധ്യാപകൻ കൂടിയായ പ്രസിഡന്റ് സ്കൂളിൽ ക്ലാസ് എടുക്കാൻ പോകുമ്പോൾ വാഹനം കൊണ്ടുപോയി ക്ലാസ് കഴിയുന്നതുവരെ മണിക്കൂറോളം കാത്തിരിക്കേണ്ട അവസ്ഥ പതിവായിട്ടുണ്ട്. വിവിധ പള്ളികളിലേക്കും ചെങ്ങാല്ലൂരുള്ള ഭാര്യ വീട്ടിലേക്കും വീട്ടിലെ ആവശ്യങ്ങൾക്കുള്ള പച്ചക്കറി, ഇറച്ചി അടക്കമുള്ള വീട്ടുസാധനങ്ങൾ വാങ്ങി കൊണ്ടുവരാനും പോത്തിന് തവിടും വീട്ടിലെ കോഴി, താറാവ് എന്നിവ വിൽക്കാൻ കൊണ്ടുപോകാനും പഞ്ചായത്ത് വാഹനം ഉപയോഗിക്കുകയാണ്. പഞ്ചായത്ത് അവധി ദിവസങ്ങളിൽ രജിസ്ട്രർ പുസ്തകത്തിൽ നിർബന്ധിച്ച് ഹാജർ കാണിച്ച് ഒപ്പ് വെച്ച് ഡ്രൈവറുടെ ദിവസ വേതനം 730 രൂപ തന്നെ കൊണ്ട് വാങ്ങിപ്പിച്ച് പ്രസിഡന്റ് തട്ടിയെടുക്കുകയാണ്. പ്രസിഡന്റിന്റെ സ്വന്താവശ്യത്തിന് വാഹനം കൊണ്ടുപോയിപലപ്പോഴും രാത്രി ഏറെ വൈകിയാണ് എത്തുക. ലീവ് തരാതെയാണ് തന്നെ കൊണ്ട് രാത്രിയിലും ജോലിയെടുപ്പിക്കുന്നത്. ചോദ്യം ചെയ്യുകയും വിവരം പാർട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തതിന് തനിക്ക് 15 ദിവസത്തെ നിർബന്ധിത ലീവ് തന്ന് മാറ്റി നിർത്തി. പാർട്ടി ഇടപ്പെട്ട് വീണ്ടും ജോലിയിൽ തിരികെ വന്നിട്ടും പ്രസിഡന്റിന്റെ കുടുംബ കാര്യങ്ങൾക്കായി വാഹനം ഉപയോഗിക്കുകയാണ്. മാനസികമായി വിഷമം നേരിട്ടതിനാലാണ് പ്രസിഡന്റുമായി പൊരുത്തപ്പെട്ടു പോകാൻ കഴിയാതെ ഡ്രൈവർ ജോലി രാജി വെക്കുന്നതായും രാജിക്കത്ത് സെക്രട്ടറിക്ക് നൽകിയതായും രജിത്ത് പറഞ്ഞു. പഞ്ചായത്ത് വാഹനം പ്രസിഡന്റിന്റെ വീട്ടാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ തെളിവും ഫോട്ടോകളും സഹിതം വിജിലൻസിലും പരാതി നൽകുമെന്ന് രജിത്ത് പറഞ്ഞു. അതേസമയം ഡ്രൈവർ ജോലി രാജി വെച്ച കാര്യം അറിയില്ലെന്നും തന്റെ വ്യക്തിപരമായ കാര്യങ്ങൾക്ക് വാഹനം ഉപയോഗിച്ചിട്ടില്ലെന്നും രജിത്തിന്റെ ആരോപണം അടിസ്ഥാനര ഹിതമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത് പറഞ്ഞു. വാഹനം എന്ത് ആവശ്യങ്ങൾക്ക് എടുത്താലും പഞ്ചായത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
previous post