തൃശൂര്‍: അന്തരിച്ച ഗായകന്‍ പി. ജയചന്ദ്രന്റെ മൃതദേഹം രാവിലെ തൃശ്ശൂര്‍ പൂങ്കുന്നത്തുള്ള തറവാട്ട് വീട്ടിലെത്തിച്ചു. പത്തര മണി വരെ പൂങ്കുന്നത്തെ വീട്ടിലായിരിക്കും പൊതുദര്‍ശനം. തുടര്‍ന്ന് സംഗീത നാടക അക്കാദമിയുടെ തിയേറ്ററിലും പൊതുദര്‍ശനം തുടരും. ഉച്ചയ്ക്ക് 12:30 യോടെ വീണ്ടും പൂങ്കുന്നത്തെ തറവാട് വീട്ടിലേക്ക് കൊണ്ടുപോകും. കലാസാംസ്‌കാരിക രാഷ്ട്രീയ മേഖലയിലുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കും. നാളെ രാവിലെ എട്ട് മണിക്ക് പറവൂര്‍ ചേന്ദമംഗലത്തുള്ള പാലിയം തറവാട്ടുവീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. വൈകിട്ട് മൂന്നരയ്ക്ക് ആണ് സംസ്‌കാരം.
റവന്യൂ മന്ത്രി അനുശോചിച്ചു.
തൃശൂർ: മലയാളത്തിൻ്റെ പ്രിയ ഭാവഗായകൻ പി. ജയചന്ദ്രന്റെ വിയോഗത്തിൽ റവന്യൂ മന്ത്രി കെ. രാജൻ അനുശോചിച്ചു. മനുഷ്യ ജീവിതത്തിൻ്റെ എല്ലാ ഭാവഭേദങ്ങളും രാഗതാളങ്ങളാൽ ഹൃദയങ്ങളിലേക്ക് ആവാഹിച്ച ഗായകനായിരുന്നു പി. ജയചന്ദ്രൻ. മലയാള സിനിമാഗാനങ്ങളും ലളിത ഗാനങ്ങളും ഉരുവിടുന്നവർക്ക് ആദ്യം ചുണ്ടിലെത്തുക ജയചന്ദ്രന്റെ പാട്ടുകളാണ്. സാധരാണ മനുഷ്യന് എളുപ്പത്തിൽ ഈണം കിട്ടുന്ന സംഗീത ലാളിത്യം അദ്ദേഹത്തിൻ്റെ പാട്ടുകളിലുണ്ട് എന്നതാണ് അതിനു കാരണം. മികച്ച ഗായകനുള്ള നിരവധി ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയ നമ്മുടെയെല്ലാം ജയേട്ടൻ തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലും ഗാനങ്ങൾ ആലപിച്ച് ആരാധക വലയം തീർത്തു. ദക്ഷിണേന്ത്യയിലെ ഗാനാലാപന മേഖലയിൽ വേറിട്ട ശബ്ദവും ശൈലിയും ആയിരുന്നു അദ്ദേഹത്തിൻ്റേത്. മലയാളികളുടെ നാവിൻ തുമ്പിൽ തത്തിക്കളിക്കുന്ന – മഞ്ഞലയിൽ മുങ്ങിത്തോർത്തി .ധനു മാസ ചന്ദ്രിക വന്നു എന്നു തുടങ്ങുന്ന ഗാനം ഒന്നു മതി പി. ജയചന്ദ്രനെന്ന മാസ്മരിക ശബ്ദത്തെ മനുഷ്യരുള്ളിടത്തോളം നിലനിർത്താൻ. പി. ജയചന്ദ്രന്റെ വേർപാടിൽ അനുശോചിക്കുന്നു.