അരിമ്പൂർ: വനിതകൾക്ക് ബേക്കറി പലഹാരങ്ങൾ നിർമ്മിക്കുന്നതിനായി അരിമ്പൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു വന്നിരുന്ന പരിശീലനം സമാപിച്ചു. അരിമ്പൂരിലെയും മണലൂർ പഞ്ചായത്തിലെയുമായി 34 വനിതകളാണ് പരിശീലനം പൂർത്തിയാക്കിയത്. കുടുംബശ്രീ ജില്ലാ മിഷൻ്റെ മേൽനോട്ടത്തിൽ ഷെഫ് രാജിയുടെ നേതൃത്വത്തിലായിരുന്നു 20 ദിവസത്തെ ക്ലാസ്. നിർമ്മൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹകരണത്തോടെയാണ് പരിശീലനത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കിയത്. പരിശീലനം നേടിയവരെല്ലാം സംരഭകത്വ രജിസ്ട്രേഷനും എടുത്തു കഴിഞ്ഞു. നാടൻ ബേക്കറി വിഭവങ്ങൾ മുതൽ കട്ലറ്റ്, പ്ലം കേക്ക് തുടങ്ങി നോർത്ത് ഇന്ത്യൻ വിഭവങ്ങളായ നാൻ കടായി, ബാലുഷാഹി, നമക് പാര എന്നിങ്ങനെ 50 വിഭവങ്ങൾ തയ്യാറാക്കാനാണ് പരിശീലിപ്പിച്ചത്. ഇവർ നിർമ്മിക്കുന്ന ബേക്കറി പലഹാരങ്ങൾ കടകളിൽ നേരിട്ടും കുടുംബശ്രീ ഷോപ്പി വഴി വീടുവീടാന്തരം വിൽപ്പന നടത്തുകയും ചെയ്യും. പരിശീലന സമാപന സമ്മേളനം അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ് ഉദ്ഘാടനം ചെയ്തു. അരിമ്പൂർ കുടുംബശ്രീ വൈസ് ചെയർപേഴ്സൻ ശോഭ സുരേഷ്, മണലൂർ ചെയർപേഴ്സൻ ഗിരിജ, നിർമ്മൽ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി സുമിഷ വിനു, അരിമ്പൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കവിത, ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ശോഭ ഷാജി തുടങ്ങിയവർ പങ്കെടുത്തു.
next post