തൃശ്ശൂര്‍: കോര്‍പ്പറേഷന്‍റെ സ്വപ്ന പദ്ധതിയായ എം.ജി.റോഡ് വികസനം യാഥാര്‍ത്ഥ്യമാവുകയാണ്. ഇതോടെ കാല്‍നൂറ്റാണ്ടിലേറെയുള്ള തൃശ്ശൂര്‍ ജനതയുടെ കാത്തിരിപ്പിന് വിരാമമാകും. തൃശ്ശൂര്‍ നഗരത്തിന്‍റെ ഹൃദയഭൂമിയായ സ്വരാജ് റൗണ്ടിലേയ്ക്കുള്ള പ്രധാന പാതയായ എം.ജി.റോഡിലെ ഗതാഗത കുരുക്ക് നഗരത്തെയാകെതന്നെ ബാധിക്കുന്ന വിധത്തില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. ഇതിന് ശാശ്വത പരിഹാരമായി എം.ജി.റോഡിലെ താമസക്കാരുമായും കെട്ടിട ഉടമകളുമായും കച്ചവടക്കാരുമായും നടത്തിയ നിരന്തര ചര്‍ച്ചയുടെ ഭാഗമായി മുഴുവന്‍ ആളുകളേയും വിശ്വാസത്തിലെടുത്തും നിയമ നടപടികള്‍ തീര്‍പ്പാക്കിയുമാണ് എം.ജി.റോഡ് വികസനം സാധ്യമാക്കുന്നത്. ഇതിന്‍റെ ഭാഗമായി ശങ്കരയ്യര്‍ റോഡ് ജംഗ്ഷനിലുള്ള മലബാര്‍ ഗോള്‍ഡ് ഉടമകള്‍ വികസനത്തിനായി തങ്ങളുടെ സ്ഥാപന ത്തിന്‍റെ മുന്നിലുള്ള 1/2 സെന്‍റിലേറെ ഭൂമി സൗജന്യമായി കോര്‍പ്പറേഷന് വിട്ടുനല്‍കി. മറ്റു ഭൂഉടമകളും ഇത്തരത്തില്‍ ഭൂമി സൗജന്യമായി വിട്ടുനല്‍കാന്‍ തയ്യാറായിട്ടുണ്ട്. മേല്‍ സാഹചര്യത്തില്‍ എം.ജി.റോഡ് വീതികൂട്ടുന്ന തിനാവശ്യമായ നടപടികള്‍ ഉടനടി ആരംഭിക്കുന്നതാ ണെന്ന് മേയര്‍ അറിയിച്ചു.