അരിമ്പൂർ: തൃശൂർ നഗരത്തിൽ വച്ച് കളഞ്ഞു പോയ 5 പവന്റെ സ്വർണമാല യുവാവിന്റെ സത്യസന്ധതയിൽ ഉടമക്ക് തിരികെ ലഭിച്ചു. പൂവ്വത്തൂർ സ്വദേശി നിഖിലിന്റെ മാല ടൗണിൽ വച്ച് നഷ്ടപ്പെട്ടിരുന്നു. ഈ മാല റോഡരുകിൽ നിന്ന് കിട്ടിയ അരിമ്പൂർ പരയ്ക്കാട് സ്വദേശി തുരുത്തിയത്ത് ഹരികൃഷ്ണൻ തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നിഖിൽ പരാതി നൽകാൻ സ്റ്റേഷനിലെത്തിയപ്പോൾ മാല സ്റ്റേഷനിൽ വച്ച് കാണുകയും പോലീസ് കൈ മാറുകയും ചെയ്തു. തുടർന്ന് നിഖിലും ചിറ്റാട്ടുകര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അബ്ദുൾ ഹക്കീം, സിപിഎം മണലൂർ ഏരിയ കമ്മറ്റിയംഗം സുബിദാസ്, അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജി സജീഷ് എന്നിവർ ചേർന്ന് ഹരികൃഷ്ണന്റെ വീട്ടിലെത്തി അനുമോദിച്ചു. ഹരികൃഷ്ണന്റെ മാതാപിക്കളായ വേണുഗോപാൽ, ആശാലത എന്നിവരും ചടങ്ങിൽ പങ്കെടുത്തു.