കാഞ്ഞാണി: മണലൂർ പുത്തനങ്ങാടിയിൽ വീട് ഭാഗീകമായി കത്തി നശിച്ചു.മുല്ലശ്ശേരി വീട്ടിൽ രവി വാടകക്ക് താമസിക്കുന്ന ഓടിട്ട വീടിനാണ് തീ പിടിച്ചത്. ബുധനാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം. കാഞ്ഞാണി ബസ് സ്റ്റാന്റിൽ പ്രസ് ക്ലബിന് സമീപം റൂം വാടകക്കെടുത്ത് ചെരുപ്പും ബാഗുകളും നന്നാക്കി ഉപജീവനം നടത്തുന്ന രവി പണിക്കും ഭാര്യ പ്രിയ മറ്റൊരു വീട്ടിൽ വീട്ടുപണിക്കും മൂന്ന് മക്കൾ സ്കൂളിലേക്കും പോയ നേരത്തായിരുന്നു വീടിന് തീപിടിച്ചത്. കൂട്ടിയിട്ടിരുന്ന വിറകിലേക്ക് തീ പടർന്ന് ആളി കത്തുന്നത് സമീപ വീട്ടുകാരാണ് കണ്ടത്. ഉടനെ സമീപവാസി മോട്ടോർ അടിച്ച് തീ കെടുത്തിയതിനാൽ വൻ അപകടം ഒഴിവായി. നാട്ടികയിൽ നിന്ന് അഗ്‌നി സുരക്ഷാ സേനയും എത്തിയിരുന്നു. തീ പിടുത്തത്തിൽ വീടിന്റെ മേൽകൂരയും വീട്ടിലെ മക്കളുടേതടക്കം വസ്ത്രങ്ങളും ഭക്ഷ്യ വസ്തുക്കളും ഇലക്ട്രിക് ഉപകരണങ്ങളും കത്തി നശിച്ചു.ജനലുകളുടെ ചില്ലുകൾ പൊട്ടിത്തെറിച്ചു. അഗ്നി സുരക്ഷസേന പ്രവർത്തകരാണ് വീട്ടിലെ പാചക വാതക സിലിണ്ടർ പുറത്തെത്തിച്ച് അപകടം ഒഴിവാക്കിയത്. രാവിലെ പണിക്ക് വീട്ടിൽ നിന്നിറങ്ങുമ്പോൾ വെള്ളമൊഴിച്ച് അടുപ്പ് കെടുത്തിയിരുന്നതായി രവി പറഞ്ഞു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് നിഗമനം.സുധീർ എന്നയാളുടേതാണ് വീട്. ആറ് വർഷമായി രവി ഈ വീട്ടിൽ വാടകക്ക് താമസിച്ചുവരുകയായിരുന്നു.