തൃപ്രയാർ: 121 വർഷം മുമ്പ് ശ്രീനാരായണഗുരുവും കുമാരനാശാനും വഞ്ചിയിൽ വലപ്പാട് എങ്ങൂർ ക്ഷേത്രത്തിനു സമീപം വന്നിറങ്ങിയതിന്റെ സ്മരണ ശനിയാഴ്ച ഗുരു ആശാൻ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും. എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രസിഡന്റായിരുന്ന കുമാരനാശനും ശ്രീനാരായണ ഗുരുവും പ്രവർത്തന ഫണ്ടിലേക്ക് പണം സ്വരൂപിക്കാൻ വലപ്പാട് അടിപറമ്പിൽ തറവാട്ടിലേക്കാണ് വന്നത്. കനോലി കനാലിലൂടെ വഞ്ചിയിൽ സഞ്ചരിച്ച് അങ്ങാടി തോടു വഴിയാണ് വലപ്പാട് എങ്ങൂർ തറവാടിനു സമീപത്തെ കടവിൽ ഇറങ്ങിയത്.
ശനിയാഴ്ച ഉച്ചക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടികൾ മണപ്പുറം ഫൗണ്ടേഷൻ എം.ഡി വി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്യും. കെ.വി. ജയരാജൻ അധ്യക്ഷത വഹിക്കും. മെഡിമിക്‌സ് എ.വി.എ ഗ്രൂപ്പ്, എം.ഡി ഡോ. എ.വി. അനൂപ് മുഖ്യാതിഥി ആകും. കളിമണ്ഡലം പുരസ്കാരം സംഗീത സംവിധായകൻ വിദ്യാധരന് ചലച്ചിത്രസംവിധായകൻ അമ്പിളി സമ്മാനിക്കും. സദു ഏങ്ങൂർ രചിച്ച ‘ഗുരുദേവമാഹാത്മ്യം കഥകളിക്കു പിന്നിൽ’ എന്ന പുസ്‌തക ചർച്ച എം.പി സുരേന്ദ്രൻ അവതരിപ്പിക്കും. ‘ഗുരുവിന്റെ അറിയപ്പെടാത്ത യാത്രകൾ’ എന്ന പുസ്‌തകം പ്രഫ. വി.എസ്. റെജി പരിചയപ്പെടുത്തും. തുടർന്ന് 10 പ്രതിഭകൾക്കുള്ള സമാദരണം, തിരുവാതിരക്കളി, ഗുരു കുമാരനാശാൻ സംഗമത്തെ ആസ്‌പദമാക്കി കലാമണ്ഡലം ഗണേശൻ രചിച്ച കഥകളി എന്നിവ നടക്കും. വാർത്തസമ്മേളനത്തിൽ സദു ഏങ്ങൂർ, ദിനേശ് രാജ, എസ്.ബി. ശശികാന്ത്, രാജു വെന്നിക്കൽ, ശ്രീലാൽ കൊച്ചത്ത് എന്നിവർ പങ്കെടുത്തു.