എളവള്ളി: ദേശീയപാത നിർമാണത്തിനാവശ്യമായ മണ്ണ് കൊണ്ടുപോകുന്ന മറ്റം – വാക റോഡ് സ്ഥിരം അപകട പാതയായി. ചെളിക്കുണ്ടായി മാറിയ ഇൗ റോഡിൽ ഇന്നലെ സ്കൂട്ടറിൽ നിന്ന് തെന്നി വീണ യുവതിക്ക് ഗുരുതര പരുക്ക്. വാക എടക്കളത്തൂർ വീട്ടിൽ അൾജിന്റെ ഭാര്യ മീനുവിനാണ് (23) പരുക്കേറ്റത്. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് റോഡിന്റെ അപാകത മൂലം തെന്നി വീണ് പരുക്കേറ്റത്. മുഖത്തും കൈയ്യിനുമാണ് പരുക്ക്.സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസവും ഇവിടെ അപകടങ്ങൾ പതിവാണ്. വാക ചേലൂർക്കുന്നിൽ നിന്നാണ് ദേശീയപാത നിർമാണത്തിനായി മണ്ണെടുക്കുന്നത്. ദിവസവും അൻപതിലധികം ലോറികളാണ് മണ്ണുമായി പായുന്നത്. ലോറികളിൽ കൊള്ളാവുന്നതിലും അധികം മണ്ണ് കൊണ്ടുപോകുന്നതിനാൽ വാഹനത്തിൽ നിന്ന് മണ്ണ് റോഡിലേക്ക് തെറിച്ച് വീഴുന്നതും പതിവാണ്. ഇത് മൂലം അപകടത്തിന് പുറമെ പരിസരമാകെ രൂക്ഷമായ പൊടിശല്യമാണ്. പ്രശ്നം പ്രദേശവാസികളെ ബാധിച്ചതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് പാവറട്ടി പൊലീസ് ഇടപെട്ട് മണ്ണുമായി പോകുന്ന സമയം രാത്രിയിലേക്ക് മാറ്റി. റോഡിലേക്ക് വീഴുന്ന മണ്ണ് നീക്കാൻ രാത്രിയിൽ റോഡിൽ വെള്ളം അടിക്കുന്നതുമൂലമാണ് രാവിലെ റോഡ് ചെളിക്കുണ്ടായി മാറുന്നത്. ഇയിടെ ഉന്നതനിലവാരത്തിൽ നിർമിച്ച റോഡ് ഭാരവാഹനങ്ങളുടെ പാച്ചിൽ മൂലം തകരുന്നതായും പരാതിയുണ്ട്. പ്രദേശവാസികളുടെ ദുരിതത്തിന് ഉടൻ പരിഹാരം കാണണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രസാദ് വാക ആവശ്യപ്പെട്ടു. ജനകീയ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
next post