ചേർപ്പ്: ചിറയ്ക്കൽ പാലം നിർമ്മാണത്തെ തുടർന്ന് താൽക്കാലിക പാലത്തിലൂടെയുള്ള ഗതാഗത നിരോധനം മൂന്നാം ദിവസവും പിന്നിട്ടതോടെ ജനം വലഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും മന്ദഗതിയിലാണെന്ന് ജനങ്ങൾ ആരോപിച്ചു. പാലത്തിൻ്റെ ഇരുവശത്തു നിന്ന് താൽക്കാലികമായി ബസ് ഉടമകൾ സർവ്വീസ് നടത്താൻ തയ്യാറാകാത്തതാണ് പൊതുഗതാഗതം നിലയ്ക്കാൻ കാരണമായത്.
ബസുകൾ കിലോമീറ്ററുകൾ ചുറ്റിവളഞ്ഞ് സർവ്വീസ് നടത്തുന്നത് പ്രയോഗികമല്ലെങ്കിലും പാലത്തിൻ്റെ ഇരുവശങ്ങളിലും ബസ് സർവ്വീസ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനപ്രതിനിധികളും കളക്ടറും ഇടപ്പെട്ട് തൃശൂർ തൃപ്രയാർ റൂട്ടിലെ ചിറയ്ക്കൽ പാലം പണി മൂലമുള്ള വാഹന ഗതാഗത പ്രശ്നം പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.