പഴുവിൽ: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന രണ്ട്ബൈക്കുകളുമായി കടന്നുകളഞ്ഞ മോഷ്ടാക്കളെ പൊലീസും ബൈക്കുടമകളും വഴിയിൽ തടഞ്ഞു. ഒരു ഉടമയെ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തി പരുക്കേൽപിച്ച മോഷ്ടാക്കളിലൊരാളെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കയ്യോടെ പിടികൂടി. ആമ്പല്ലൂർ ചെറുവാൾ പഴുവിൽ വീട്ടിൽ ആഘോഷിനെയാണ് (18) പൊലീസ് പിടികൂടിയത്. അതേസമയം രണ്ടാമത്തെ മോഷ്ടാവ് മോഷ്ടിച്ച മറ്റൊരു ബൈക്കുമായി കടന്നുകളഞ്ഞു. ബൈക്കുടമ പഴുവിൽ ബാബുവടക്കനെ കാലിന്റെ എല്ലുകൾ പൊട്ടിയതിനെ തുടർന്ന് തൃശൂർ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴുവിൽ പള്ളിനട വളവ് സമീപം തേർമഠം ഷെറിൻ ആന്റണിയുടെ ബൈക്കുമായാണ് രണ്ടാമത്തെ മോഷ്ടാവ് അതിവേഗത്തിൽ പാഞ്ഞുപോയത്.
ശനിയാഴ്ച രാത്രി 10.30നായിരുന്നു സംഭവം. ആലപ്പാട്ടെ തിരുനാളിനു പോകുന്നതിനു ബാബു ബൈക്കിൽ ഷെറിന്റെ വീട്ടിലെത്തി. ഷെറിന്റെ ബൈക്കിനടുത്ത് ബാബുവിന്റെ ബൈക്കും പാർക്ക് ചെയ്തു. എന്നിട്ട് ഇരുവരും ഒരു ബുള്ളറ്റിൽ കയറി തിരുനാളിനു പോയി. മുറ്റത്ത് ബൈക്കുകൾ കാണാത്തതിനെ തുടർന്നു വീട്ടുകാർ വിളിച്ച് പറഞ്ഞപ്പോൾ ഉടനെ ഷെറിൻ അന്തിക്കാട് പൊലീസിൽ വിവരമറിയിച്ചു. പഴുവിൽ പാലത്തിലും പരിസരത്തും പൊലീസും ഉടമകളും കൂട്ടുകാരും പരിശോധിക്കാൻ നിൽക്കുന്നതിനിടെയാണ് ഇവരുടെ ബൈക്കുകളുമായി മോഷ്ടാക്കൾ വരുന്നതു കണ്ടത്. ഉടനെ ഇവർ തടഞ്ഞു. എന്നാൽ, ഷെറിന്റെ ബൈക്കുമായി മോഷ്ടാവ് പാഞ്ഞു. പിന്നാലെ വന്ന ബൈക്ക് ബാബുവിന്റേതായിരുന്നു. ഈ ബൈക്ക് തടഞ്ഞപ്പോഴാണ് ബാബുവിനെ ഇടിച്ചു വീഴ്ത്തിയത്.