കിഴുപ്പിള്ളിക്കര: താന്ന്യം ഗ്രാമ പഞ്ചായത്തിലെ കിഴുപ്പിള്ളിക്കരയിൽ സപ്ലൈകോയുടെ കീഴിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോർ കെട്ടിടം ഉടമ പൂട്ടിയത് മൂലം പ്രവർത്തനം തടസപ്പെട്ടു. വാടക സംബന്ധിച്ച് ഉടമയുമായി തർക്കത്തെ തുടർന്ന് തലേദിവസം ജീവനക്കാർ പൂട്ടിയ ലോക്ക് മറ്റൊരു ലോക്ക് ഇട്ട് പൂട്ടുകയായിരുന്നു. തുടർന്ന് രാവിലെ മാവേലി സ്റ്റോർ തുറക്കാൻ എത്തിയ ജീവനക്കാർക്ക് മാവേലി സ്റ്റോർ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല.
സംഭവം അറിഞ്ഞ് താന്ന്യം മണ്ഡലം കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ഒരു മണിക്കൂർ പിന്നിട്ടതോടെ ഉടമയെത്തി പൂട്ട് തുറന്ന് നൽകി. വാടക വർധിപ്പിച്ചു നൽകാൻ സപ്ലെയ്കോ തയാറാകാത്തതാണ് ഉടമയെ ഇതിന് പ്രേരിപ്പിച്ചത്. പ്രതിഷേധ സമരത്തിന് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എം.കെ. ചന്ദ്രൻ, നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് വൈ.പ്രസിഡന്റ് വി.കെ. സുശീലൻ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ആന്റോ തൊറയൻ, മിനി ജോസ് കോൺഗ്രസ് നേതാക്കളായ ജോഷി കൊല്ലാറ, വിജയലക്ഷമി, ജോസഫ് തേയ്ക്കാനത്ത്,എം.കെ ശ്രീധരൻ, ആഷിക്ക് ജോസ്, ഷൗക്കത്തലി, അഷ്റഫ് താന്ന്യം, ശരവണൻ എന്നിവർ നേതൃത്വം നൽകി.