കാഞ്ഞാണി: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കാഞ്ഞാണി സെൻ്ററിൽ ഓട്ടോറിക്ഷകൾ പാർക്കിങ്ങ് ചെയ്യുന്നതിന് ബദൽ സംവിധാനം ഒരുക്കാൻ മണലൂർ പഞ്ചായത്ത് തയാറാകണമെന്നാവശ്യപ്പെട്ട് സംയുക്ത ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തിൽ കാഞ്ഞാണിയിൽ പ്രതിഷേധ പ്രകടനം നടത്തി. കാഞ്ഞാണി ബസ്സ്റ്റാൻ്റിന് സമീപം മണലൂർ – ഏനാമ്മാവ് റോഡിൽ ഉണ്ടായിരുന്ന ഓട്ടോറിക്ഷ പാർക്കിങ്ങ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പോലീസും എംവിഡി യും ചേർന്ന് കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. നൂറ്റി അറുപതോളം ഓട്ടോറിക്ഷകളാണ് കാഞ്ഞാണിയിൽ ഓടുന്നത്. ഇത്രയും നാൾ ഓട്ടോ പാർക്ക് ചെയ്തിരുന്നത് മണലൂർ റോഡിൽ ബസ്റ്റാൻ്റിന് എതിർ വശത്തായിരുന്നു. സ്ഥല പരിമിതി മൂലം ഇവിടെ ഏതാനും ഓട്ടോകൾ മാത്രമാണ് പാർക്ക് ചെയ്യുന്നത്. ബാക്കി ഓട്ടോകൾ അന്തിക്കാട് റോഡിലൂടെ പോയി 300 മീറ്റർ അകലെ ഇടവഴിയിലാണ് പാർക്ക് ചെയ്തു വരുന്നത്. ഊഴം അനുസരിച്ച് വണ്ടികൾ ഓട്ടോസ്റ്റാൻ്റിൽ എത്തിക്കണം.
പാർക്കിങ്ങിന് സ്ഥിരമായ സ്ഥലം കണ്ടെത്തി തരണമെന്ന് മണലൂർ പഞ്ചായത്തിനോട് മാസങ്ങൾക്ക് മുൻപ് അപേക്ഷിച്ചിരുന്നതായി ഡ്രൈവർമാർ പറഞ്ഞു. ഇന്നലെ ( തിങ്കൾ ) പോലീസ് എത്തി ഓട്ടോ ഇനി മുതൽ നിലവിലുള്ള സ്റ്റാൻ്റിൽ പാർക്ക് ചെയ്യുന്നതിന് നിയമ തടസം ഉണ്ടെന്ന് അറിയിക്കുന്നത്. മറ്റൊരിടത്ത് പാർക്കിങ്ങിന് സംവിധാനം അടിയന്തിരമായി ഒരുക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റിനോട് ആവശ്യപ്പെട്ടെങ്കിലും കമ്മറ്റി കൂടി ചർച്ച നടത്താതെ ബാക്കി കാര്യങ്ങൾ തീരുമാനിക്കാൻ ആകില്ല എന്ന നിലപാടാണ് പറഞ്ഞതെന്ന് പറയുന്നു. പാർക്കിങ്ങിന് സൗകര്യം ഒരുക്കുന്നത് വരെ ഓട്ടോറിക്ഷകൾ അനിശ്ചിത കാലം സർവീസ് നിർത്തി വക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഐ.എൻ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.പ്രകാശൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. മുതിർന്ന ഓട്ടോ ഡ്രൈവർ ഇ.പി.കെ.പ്രേമദാസ് അധ്യക്ഷനായി. നേതാക്കളായ സുധീർ പൊറ്റേക്കാട്ട് (ബി.എം.എസ് ), ആൻഡ്രൂസ് ( സി.ഐ.ടി.യു) തുടങ്ങിയവർ സംസാരിച്ചു.