തിരുവനന്തപുരം: സർവകാല റെക്കോർഡിൽ സംസ്ഥാനത്തെ സ്വർണവില. ഇന്ന് പവന് 840 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 62,480 രൂപയാണ്. ചരിത്രത്തിൽ ആദ്യമായാണ് സ്വർണവില 62000 കടക്കുന്നത്. ഗ്രാമിന് 105 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 7810 രൂപ നൽകണം. കഴിഞ്ഞ ദിവസം 320 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ സ്വർണനിരക്ക് തിരിക്കെ കയറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത് .18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കൂടിയിട്ടുണ്ട്. ഗ്രാമിന് 90 രൂപ വര്‍ധിച്ച് 6455 രൂപയായി ഉയര്‍ന്നു. വെള്ളിയുടെ വിലയില്‍ കേരളത്തില്‍ മാറ്റമില്ല. ഗ്രാമിന് 104 എന്ന നിരക്കില്‍ തുടരുകയാണ്. വെള്ളിയുടെ വില ഏറ്റവും ഉയര്‍ന്ന നിരക്കിലാണിപ്പോള്‍. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2821 ഡോളറായി ഉയര്‍ന്നിട്ടുണ്ട്.
ഇന്ന് ഒരു പവന്‍ സ്വര്‍ണം ആഭരണം വാങ്ങുന്നവര്‍ക്ക് 68000 രൂപ വരെ ചെലവ് വന്നേക്കും. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേരുമ്പോഴാണ് ഈ വിലയിലേക്ക് എത്തുക. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങളാണ് വാങ്ങുന്നതെങ്കില്‍ പണിക്കൂലി ഇനിയും കൂടും. പുതിയ സാഹചര്യത്തില്‍ ആഭരണ വില്‍പ്പനയില്‍ കുറവ് വന്നേക്കുമെന്ന് കരുതുന്നു.പുതുവർഷത്തിൽ സ്വർണവില കുതിച്ചുയരുന്ന കാഴ്ച്ചയാണ് വിപണിയിൽ കാണാൻ സാധിച്ചിരുന്നത്. കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. 31 ദിവസത്തിനിടെ 4500 രൂപയാണ് വര്‍ധിച്ചത്.അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് സ്വര്‍ണത്തിന്റെ വിലയിൽ മാറ്റം വന്നു തുടങ്ങിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും വില വര്‍ധനവിന് കാരണമായി. 2024 ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയായിരുന്നു ഏറ്റവും ഉയർന്ന സ്വർണവില ഈ റെക്കോർഡാണ് കഴിഞ്ഞ ദിവസങ്ങളിലായി തിരുത്തി കുറിച്ചത്.