തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ ക്ലബുകള്‍ക്ക് നല്‍കുന്ന വിമുക്തി ജില്ലാതല പുരസ്‌ക്കാര വിതരണോദ്ഘാടനം തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് നിര്‍വ്വഹിച്ചു. സമീപകാലത്ത് നടന്ന നിരവധി കുറ്റകൃത്യങ്ങളുടെ പിന്നില്‍ ലഹരിയുടെ അമിത ഉപയോഗമുണ്ടെന്നും സര്‍ക്കാര്‍ മാത്രമല്ല പൊതുജനങ്ങള്‍ കൂടിയാണ് ലഹരി വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഇടപെടേണ്ടതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. കേരള സര്‍ക്കാരിന്റെ എക്‌സൈസ് വിമുക്തി മിഷനും വിദ്യാഭ്യാസ വകുപ്പും സന്നദ്ധ സംഘടനയായ ബോസ്‌കോ ഡ്രീം പദ്ധതിയും സംയുക്തമായി ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.
കേരളത്തില്‍ ആദ്യമായി വിമുക്തി അവാര്‍ഡ് പദ്ധതി നടപ്പിലാക്കിയത് തൃശ്ശൂര്‍ ജില്ലയിലാണ്. തൃശ്ശൂര്‍ ജില്ലയിലെ 182 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി മികച്ച പ്രവര്‍ത്തനം നടത്തിയ 15 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 18 അവാര്‍ഡുകളാണ് ചടങ്ങില്‍ വിതരണം ചെയ്തത്. സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ ഫാ. കെ.എ മാര്‍ട്ടിന്‍ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. ഡി എല്‍ എസ് എ സെക്രട്ടറിയും സബ് ജഡ്ജുമായ സരിത രവീന്ദ്രന്‍ മുഖ്യാതിഥിയായി. ഡ്രീംസ് പദ്ധതി ജില്ലാ ഡയറക്ടര്‍ ഫാ. സിറിള്‍ ഇടമന മുഖ്യപ്രഭാഷണം നടത്തി. തൃശ്ശൂര്‍ ജില്ലാ വിമുക്തി മാനേജരും അസിസ്റ്റന്റ് എക്‌സൈസ് ഓഫീസറുമായ പി.കെ സതീഷ് പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടര്‍ അജിതകുമാരി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എ. അന്‍സാര്‍, ഡ്രീംസ് പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ജോയേല്‍ കെ. സാജു എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി. സുഭാഷ് സ്വാഗതവും ജില്ലാ വിമുക്തി കോര്‍ഡിനേറ്റര്‍ കെ. ഷഫീഖ് നന്ദിയും പറഞ്ഞു.