അന്തിക്കാട്: സ്ത്രീകൾക്ക് പകുതി വിലക്ക് വീട്ടുപകരണങ്ങളും സ്കൂട്ടറും ലാപ്ടോപ്പും നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ സംഭവത്തിൽ അന്തിക്കാടും പരാതിക്കാർ. തട്ടിപ്പിനിരയായത് നിരവധി പേരുണ്ടെങ്കിലും ഒരു യുവതിയുടെ പരാതിയിൽ മാത്രമാണ് കേസെടുത്തിട്ടുള്ളത്. പണം തട്ടി കബളിപ്പിച്ചതിന് പെരിങ്ങോട്ടുകര സീഡ് സൊസൈറ്റി ഭാരവാഹികളായ മുൻ മണലൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിശശി, മുൻ ജില്ല പഞ്ചായത്ത് അംഗം അനിത ബാബുരാജ്, തട്ടിപ്പ് കമ്പനിയിലെ സൂത്രധാരനും മാനേജിങ് ഡയറക്ടറുമായ അനന്തു കൃഷ്ണൻ എന്നിവർക്കെതിരെയാണ് യുവതിയുടെ പരാതിൽ അന്തിക്കാട് പൊലിസ് കേസെടുത്തിട്ടുള്ളത്. ഇടശ്ശേരി സ്വദേശിനി റംഷിദയിൽ നിന്ന് 60.000 രൂപയാണ് ഇവർ കൈക്കലാക്കി വഞ്ചിച്ചെന്ന പരാതിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വീട്ടുപകരണങ്ങളും ടൂവിലറും ലാപ് ടോപ്പും നൽകാമെന്ന് പറഞ്ഞായിരുന്നു യുവതിയിൽ നിന്ന് ഇത്രയും തുക കൈക്കലാക്കിയത്. എച്ച്. ഡി. എഫ്. സി. ബാങ്കിന്റെ തളിക്കുളത്തെ ശാഖയിൽ കഴിഞ്ഞ വർഷം സെപ്തംബർ 23 നാണ് 60000 രൂപ കൊച്ചി ഇയ്യാട്ടി മുക്ക് ബ്രാഞ്ചിലേക്ക് യുവതി പണം അയച്ചു കൊടുത്തത്. പണം അടച്ചിട്ടും ഓർഡർ പ്രകാരമുള്ള സാധനങ്ങൾ കിട്ടാതെ വന്നതോടെ അവരുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും സാധനങ്ങളും നൽകിയ പണവും തിരിച്ച് കിട്ടാനുള്ള ഒരു നടപടിയും ഉണ്ടായില്ല. ഇതിനിടയിലാണ് അനന്തു കൃഷ്ണൻ കഴിഞ്ഞ ദിവസം അറസ്റ്റിലായത് . ഇതോടെയാണ് വിവരം അറിഞ്ഞ് യുവതി പരാതിയുമായി പൊലീസ് സ്‌റ്റേഷനിൽ എത്തിയത്. പെരിങ്ങോട്ടുകരയിലെ സൊഷ്യോ ഇക്കണോമിക്ക് ആന്റ് എൻവയോൺമെന്റൽ ഡെവലപ്പ്മെന്റ് (സീഡ് ) സൊസൈറ്റിയുടെ സെക്രട്ടറിയും പ്രസിഡന്റുമാണ് വിജി ശശിയും അനിത ബാബുരാജും. പ്രൊഫഷണൽ സർവീസ് ഇന്നോവേഷൻ എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണ് അനന്തുകൃഷ്ണൻ. രാഷ്ടീയ സ്വാധീനം ഉപയോഗിച്ചാണ് ഇവർ നിരവധി പേരെ ഇടപാടിൽ ചേർത്തത്. നേതാക്കളായതിനാൽ തട്ടിപ്പായിരിക്കില്ലെന്നും കരുതിയാണ് പലരും പണം നൽകിയത്. അന്തിക്കാട് മണലൂർ മേഖലയിൽ നിന്ന് ലക്ഷങ്ങളുടെ തട്ടിപ്പാണ് നടന്നത്. മുഖ്യപ്രതിയായ അനന്തു കൃഷ്ണൻ പിടിയിലായതോടെയാണ് നടന്നത് തട്ടിപ്പായിരുന്നെന്നും പലർക്കും അറിവായത്. ഇതോടെയാണ് പരാതിയുമായി യുവതി എത്തിയത്. പലരും നാണക്കേട് മൂലം പരാതി നൽകാനും തയ്യാറാകുന്നില്ല.
next post