അന്തിക്കാട്: പരപ്പൻചാൾ കോൾപടവിൽ ചണ്ടിയും കുളവാഴയും നിറഞ്ഞ് നെൽകൃഷി നശിച്ചു. അന്തിക്കാട് കല്ലിടവഴി സ്വദേശി ചക്കാണ്ടത്ത് പുഷ്കരന്റെ 50 സെന്റ് ഉൾപ്പടെ നിരവധി കർഷകരുടെ കൃഷിഭൂമിയിൽ നാശം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലുണ്ടായ കനത്ത മഴയിൽ പല മേഖലകളിൽനിന്ന് ഒഴുകി വന്നടിഞ്ഞ ചണ്ടിയാണ് കർഷകർക്ക് വിനയായത്. ഈ പടവിൽ 30 ഏക്കർ നെൽപ്പാടമാണുള്ളത്. ഭൂരിഭാഗം നെൽച്ചെടികളും ചണ്ടി വന്നടിഞ്ഞത് മൂലം നശിച്ചു കഴിഞ്ഞു. നെൽക്കതിരിന് മുകളിലാണ് ചണ്ടി കെട്ടിക്കിടക്കുന്നത്. ചില പാടങ്ങളിൽ അഞ്ചോ ആറോ നെൽക്കതിരിന്റെ കൂട്ടങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതുമൂലം വലിയ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചതെന്ന് കൃഷിക്കാരനും കർഷക തൊഴിലാളിയുമായ ചക്കാണ്ടൻ പുഷ്കരൻ പറയുന്നു. കൃഷി നാശം വിലയിരുത്തി സർക്കാറിന്റെ അടിയന്തര സഹായം ഉണ്ടാകണമെന്ന് പരപ്പൻചാൽപടവ് കമ്മിറ്റി പ്രസിഡന്റ് വിശ്വംഭരൻ കാരമാക്കൽ, സെക്രട്ടറി എൻ.ടി. ഷജിൽ എന്നിവർ ആവശ്യപ്പെട്ടു.
previous post