തൃശൂർ: ജില്ലയിൽ ബി.എസ്.എൻ.എൽ 4ജി സേവനങ്ങൾ വിപുലീകരണ നടപടി ആരംഭിച്ചതായി സീനിയർ ജനറൽ മാനേജർ എം.എസ്. ഹരി വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൃശൂർ ഏരിയയിലുള്ള 501 ടവറുകളിൽ 472 എണ്ണം പൂർണമായും 4 ജി ആക്കി. മാർച്ച് 31ഓടെ ബാക്കി ടവറുകളും 4 ജി ആക്കും. വയേർഡ്, മൊബൈൽ കണക്ഷനുകൾക്കാണ് ബി.എസ്.എൻ.എൽ കൂടുതൽ പ്രാധാന്യം നൽകുന്നത്. കോപ്പർ ലാൻഡ്‌ലൈൻ കണക്ഷനുകളെ ഫൈബറിലേക്ക് മാറ്റാനുള്ള നടപടി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ജില്ലയിലെ 17000ഓളം കോപ്പർ ലാൻഡ്‌ലൈൻ കണക്ഷൻ ഫൈബറിലേക്ക് മാറ്റുകയാണ് പ്രധാന ലക്ഷ്യം. ഉപഭോക്താക്കൾക്ക് അവരുടെ പഴയ ലാൻഡ്‌ലൈൻ നമ്പർ മാറാതെതന്നെ ഫൈബർ കണക്ഷനിലേക്ക് മാറാം. മാർച്ച് 31ഓടെ ലാൻഡ്‌ലൈൻ കണക്ഷൻ മുഴുവൻ ഫൈബറിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്. ‘മേക്ക് ഇൻ ഇന്ത്യ’യുടെ ഭാഗമായി നിർമിച്ച 4ജി സേവനവും ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. 80 പുതിയ ടവറുകളിൽ 4ജി സേവനം ഉടൻ ലഭ്യമാകും. ഈ സാമ്പത്തിക വർഷാവസാനം തൃശൂരിലെ മുഴുവൻ സ്ഥലങ്ങളിലും അതിവേഗ 4ജി ലഭ്യമാകും. ഒരു വർഷത്തിനകം 5ജി പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി ജനറൽ മാനേജർ വി. രവിചന്ദ്രൻ, ടെലിഫോൺ അഡ്വൈസറി കമ്മിറ്റി അംഗം ഇ.എസ്. സുഭാഷ്, മോളി പോൾ, ദുർഗ രാംദാസ്, ടി.സി. സന്ധ്യ, പി. ഗീത എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.