അന്തിക്കാട്: പരിശുദ്ധ റമസാനിന്റെ വരവറിയിച്ച് വന്നെത്തിയ ബറാഅത്ത് രാവ് വിശ്വാസികൾ വിവിധ പ്രാർത്ഥനകളാൽ വരവേറ്റു. ബറാഅത്ത് രാവ് വെള്ളിയാഴ്ച ദിവസം വന്നെത്തിയത് വിശ്വാസികൾക്ക് ഇരട്ടിമധുരമായി. അസർ നമസ്കാരത്തിന് ശേഷം കബറിടങ്ങളിൽ എത്തിയ വിശ്വാസികൾ അവരവരുടെ മൺമറഞ്ഞുപോയ ബന്ധുമിത്രാളി കൾക്കുവേണ്ടി കണ്ണീരണിഞ് പ്രാർത്ഥന നിരതരായി. അന്തിക്കാട് മഹല്ല് ഖത്തീബ് നൗഫൽ സഅദിയുടെ നേതൃത്വത്തിൽ മുറ്റിച്ചൂർ മഹല്ല് ഖബറിസ്ഥാനിൽ പ്രത്യേക പ്രാർത്ഥന നടത്തി. സമാന രീതിയിൽ വിവിധ മഹല്ലുകളിലെ ഖബറിടങ്ങളിലും പ്രത്യേക ദുആകൾ നടത്തി.മഹല്ല് ഖത്തീബുമാർ നേതൃത്വം നൽകി. മഗ് രിബ് നമസ്കാരത്തിന് ശേഷം മൂന്ന് യാസീനുകൾ ഉൾപ്പെടെയുള്ള വിവിധ പ്രാർത്ഥനകൾ നടത്തിയ വിശ്വാസികൾ ശനിയാഴ്ച ഒരു ദിവസം ബറാഅത്തിന്റെ സുന്നത്ത് നോമ്പ് അനുഷ്ഠിക്കുകയാണ് വിശ്വാസികൾ. അനുഗ്രഹങ്ങൾ പെയ്തിറങ്ങുന്ന ബറാഅത്ത് രാവിന് വിവിധ പ്രത്യേകതകളാണ് വിശ്വാസികൾ കൽപ്പിക്കുന്നത്. ഇനിയുള്ള ഒരു വർഷക്കാലത്തെ കാര്യങ്ങൾ നിശ്ചയിക്കപ്പെടുന്ന മഹത്തായ ദിനമാണ്. അള്ളാഹുവിൻ്റെ അനുഗ്രഹവും നന്മയും കാരുണ്യവും ചോദിച്ചു വിശ്വാസികൾ പാതിര വരെ കരഞ്ഞ് പ്രാർത്ഥിച്ചു. റമസാനിനെ വരവേൽക്കാൻ ഒരുങ്ങുന്ന വിശ്വാസിക്ക് ആത്മശുദ്ധി ആർജ്ജിക്കാനും ഹൃദയാന്തരങ്ങൾ പ്രകാശിപ്പിക്കാനും ഈ ദിവസം ഉപകാരപ്രദം ആകും.
ശഅ്ബാൻ മാസത്തിലെ പതിനാലാം രാവാണ് ബറാഅത്ത് രാവായി മുസ്ലിം ലോകം കണക്കാക്കുന്നത്. ലൈലത്തുൽ മുബാറക് എന്ന് ഈ രാത്രിയെ ഖുർആൻ വിശേഷിപ്പിച്ചിട്ടുണ്ട്. മോചനം എന്നാണ് മലയാള പദം. നിരവധി മനുഷ്യരെ പാപങ്ങളിൽ നിന്നും നരകത്തിൽ നിന്നും മോചിപ്പിക്കുന്ന ദിനം എന്ന് പണ്ഡിതന്മാർ വ്യക്തമാക്കുന്നു. റംസാൻ കഴിഞ്ഞാൽ പ്രവാചകൻ ഏറ്റവും കൂടുതൽ വ്രതം എടുക്കാൻ തെരഞ്ഞെടുത്ത മാസം കൂടിയാണ് ശഅ്ബാൻ. കേരളത്തിൽ പൂർവിക കാലം മുതൽ തന്നെ മുസ്ലിം സമൂഹം ബറാഅത്തിന് വലിയ പ്രാധാന്യം കൽപ്പിക്കാറുണ്ട് മുസ്ലിം ഭവനങ്ങളും മസ്ജിദുകളും പ്രാർത്ഥന നിർഭരമാവും വീടുകളിൽ മധുര പലഹാരങ്ങളും മറ്റും ഉണ്ടാക്കി കുടുംബങ്ങളിലേക്ക് കൊടുക്കലും മറ്റും പതിവാണ്. വിശുദ്ധ ഖുർആനിലെ പ്രധാന അധ്യായമായ സൂറത്തുൽ യാസീൻ പാരായണമാണ് ഈ രാവിലെ കർമ്മങ്ങളിൽ പ്രധാനം.